കൊച്ചി: ഓസ്കാർ പുരസ്കാര ജേതാവായ ഹോളിവുഡ് സംവിധായകൻ അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റുവിന്റെ പുതിയ ചിത്രത്തിൽ ലഭിച്ച അവസരം നിരസിച്ചതായി നടൻ ഫഹദ് ഫാസിൽ. അമേരിക്കയിൽ നാലുമാസം താമസിച്ച് ഇംഗ്ലീഷ് ഉച്ചാരണം മെച്ചപ്പെടുത്തണമെന്നും ഈ കാലയളവിൽ പ്രതിഫലം ലഭിക്കില്ലെന്നും സംവിധായകൻ ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്ന് ഫഹദ് വ്യക്തമാക്കി. സൂപ്പർതാരം ടോം ക്രൂസാണ് ചിത്രത്തിലെ നായകനെന്നാണ് സൂചന.

തന്റെ പുതിയ ചിത്രമായ 'ഓടും കുതിര ചാടും കുതിര'യുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ വിവരം തുറന്നുപറഞ്ഞത്. 'എൻ്റെ ഇംഗ്ലീഷ് ആക്‌സെന്റായിരുന്നു പ്രധാന പ്രശ്നം. അത് ശരിയാക്കുന്നതിനായി നാലുമാസത്തോളം അമേരിക്കയിൽ താമസിച്ച് പരിശീലനം നേടാൻ സംവിധായകൻ ആവശ്യപ്പെട്ടു. ആ സമയത്ത് പ്രതിഫലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ അവസരം വേണ്ടെന്നുവെച്ചത്,' ഫഹദ് വിശദീകരിച്ചു.

മലയാള സിനിമ നൽകുന്ന അവസരങ്ങളിൽ താൻ പൂർണ തൃപ്തനാണെന്നും തനിക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് കേരളത്തിൽ നിന്നുതന്നെ ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫഹദിന്റെ ഈ തീരുമാനം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടിനെ ഒരുവിഭാഗം പ്രശംസിച്ചപ്പോൾ, അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു.

'ബേർഡ്മാൻ', 'ദി റെവനന്റ്' എന്നീ സിനിമകളിലൂടെ തുടർച്ചയായി രണ്ടുതവണ മികച്ച സംവിധായകനുള്ള ഓസ്കാർ നേടിയ വ്യക്തിയാണ് ഇനാരിറ്റു. ലിയനാർഡോ ഡികാപ്രിയോക്ക് ഓസ്കാർ നേടിക്കൊടുത്ത ചിത്രം കൂടിയാണ് 'ദി റെവനന്റ്'. 2026 ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന, ടോം ക്രൂസ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലേക്കായിരുന്നു ഫഹദിന് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് ഫഹദ് ഫാസിൽ. കല്യാണി പ്രിയദർശൻ നായികയാവുന്ന ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിലെത്തും.