കൊച്ചി: പുകവലിയെ കുറിച്ചു തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററിൽ ആവേശം തീർക്കവേയാണ് ഫഹദ് പുകവലിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആവേശം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഇപ്പോൾ ധൂമം സിനിമയുടെ പരാജയത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ശ്രദ്ധനേടുന്നത്. താൻ പുകവലിക്കുന്ന ആളാണെന്നും അതിനാൽ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാൻ തനിക്കാവില്ലെന്നുമാണ് താരം പറഞ്ഞത്.

ചില കാര്യങ്ങൾ സിനിമയാക്കാൻ പറ്റുന്നവയായിരിക്കില്ല. ആളുകൾക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ മികച്ച ആശയമായി തോന്നും. സിനിമയായാൽ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാൽ അത് വർക്കാവില്ല. ഞാൻ പുകവലിക്കുന്ന ആളാണ്. അതിനാൽ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ.- ഫഹദ് ഫാസിൽ പറഞ്ഞു. ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രമാണ് ധൂമം. പവൻ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. അപർണ ബാലമുരളി, റോഷൻ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ജൂണിൽ തിയറ്ററിൽ എത്തിയ ചിത്രം വൻ പരാജയമായി മാറുകയായിരുന്നു.