ചെന്നൈ: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ '96', 'മെയ്യഴഗൻ' എന്നീ ചിത്രങ്ങളുടെ സംവിധായകനായ സി.പ്രേം കുമാർ, തമിഴിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന സൂചന. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ത്രില്ലർ സ്വഭാവത്തിലുള്ള ഒരു കഥ തന്റെ കൈവശമുണ്ടെന്നും, അത് ഫഹദ് ഫാസിലിനെ കേൾപ്പിക്കുകയും അദ്ദേഹം കഥ ഇഷ്ടപ്പെടുകയും ചെയ്തതായും പ്രേം കുമാർ പറഞ്ഞു. ഏകദേശം 45 മിനിറ്റ് നേരം കഥ കേട്ടതിന് ശേഷം ഫഹദ് ഫാസിലിന് ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നും, ഇത് തമിഴിൽ ഒരുക്കുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛായാഗ്രാഹകനായി സിനിമാ ലോകത്തേക്ക് കടന്നു വന്ന പ്രേം കുമാർ, '96' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് പ്രശസ്തനായത്. ഈ ചിത്രം പിന്നീട് 'ജാനു' എന്ന പേരിൽ തെലുങ്കിലും റീമേക്ക് ചെയ്യപ്പെട്ടു. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തിയ 'മെയ്യഴഗൻ' എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഫഹദ് ഫാസിൽ അടുത്തിടെയാണ് 'മാരീശൻ' എന്ന തമിഴ് ചിത്രത്തിൽ വടിവേലുവിനോടൊപ്പം പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തിനൊപ്പമുള്ള 'വേട്ടയ്യൻ', വടിവേലുവിനൊപ്പമുള്ള 'മാമന്നൻ', ലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം 'വിക്രം' എന്നിവയിലൂടെ ഫഹദിന് തമിഴിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.