ചെന്നൈ: തമിഴകത്ത് ഇപ്പോൾ ഫഹദ് ഫാസിലിന് നല്ല സമയമാണ്. മാമന്നൻ സൂപ്പർഹിറ്റായതോടെ ഫഹദിലെ വില്ലനും ആഘോഷിക്കപ്പെട്ടു. ഇപ്പോൾ സൂപ്പർതാരം രജനീകാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഫഹദിനെ തേടി എത്തിയിരിക്കുന്നത്.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'തലൈവർ 170'യിൽ രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോർട്ട്. ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും 'തലൈവർ 170'. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമ്മാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.