കൊച്ചി: മലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നിതാ തങ്ങളുടെ ഒമ്പതാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ഫഹദ് പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.

സ്‌നേഹത്തിന് നന്ദി. ജീവിതത്തിന് നന്ദി. നമ്മൾ ഒന്നായിട്ട് 9 വർഷം. എന്നാണ് ഫഹദ് കുറിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം.

വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. മാരി ശെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ 'ആണ് ഫഹദ് അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.