കൊച്ചി: 13.75 കോടി രൂപ വിലമതിക്കുന്ന ഫെരാറി പ്യൂറോസങ് എസ്.യു.വി സ്വന്തമാക്കി ഫഹദ് ഫാസിൽ. അത്യുഗ്രൻ ശ്രേണിയിലുള്ള ഈ വാഹനം കേരളത്തിൽ ആദ്യമായാണ് നിരത്തിലിറങ്ങുന്നത്. ഫഹദിന്റെ വാഹനശേഖരത്തിൽ ഇതിനോടകം ലംബോർഗ്നി ഉറൂസ്, മെഴ്‌സിഡസ്-ബെൻസ് ജി63 എ.എം.ജി, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ 911 കരേര തുടങ്ങിയ ആഡംബര കാറുകളുണ്ട്.

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫെരാറി പുറത്തിറക്കിയ ആദ്യ പെർഫോമൻസ് എസ്.യു.വി ആണ് പ്യൂറോസങ്. ബിയാൻകോ സെർവിനോ ഫിനിഷിംഗിലാണ് ഫഹദ് സ്വന്തമാക്കിയ വാഹനം ഒരുക്കിയിരിക്കുന്നത്. കാർബൺ ഫൈബർ ബമ്പറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അധിക ആക്സസറികളും നൽകിയിട്ടുണ്ട്. ഇരട്ട നിറങ്ങളിലുള്ള അലോയ് വീലുകളാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

സ്‌പോർട്‌സ് കാറുകൾക്കിടയിലെ എസ്.യു.വി എന്നാണ് പ്യൂറോസങ് അറിയപ്പെടുന്നത്. എങ്കിലും, ഫെരാറി ഇതിനെ 'എഫ്.യു.വി' (ഫെരാറി യൂട്ടിലിറ്റി വെഹിക്കിൾ) എന്നാണ് വിശേഷിപ്പിക്കുന്നത്. 75 വർഷത്തെ ഫെരാറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മോഡൽ പുറത്തിറക്കുന്നത്.

6.5 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 725 പി.എസ്. പവറും 716 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്ന ഈ വാഹനം വെറും 3.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 310 കിലോമീറ്ററാണ് പരമാവധി വേഗത.