ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് നൽകിയ ഹർജിയിലാണ് നടപടി.

ഷാറൂഖ് ഖാൻ ചിത്രമായ ഫാൻ തീയറ്ററിൽ കുടുംബ സമേതം കണ്ട അർഫീൻ ഫാതിമ സൈദിയാണ്, നിർമ്മാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്. പ്രമോഷൻ കണ്ടാണ് താൻ ചിത്രം കാണാൻ തീരുമാനിച്ചതെന്നും എന്നാൽ ചിത്രത്തിൽ പ്രമോഷനിലെ പാട്ട് ഉണ്ടായിരുന്നില്ലെന്നും ഉപഭോക്തൃ ഫോറത്തിൽ നൽകിയ പരാതിയിൽ സൈദി പറഞ്ഞു. ഉപഭോക്താവ് എന്ന നിലയിൽ താൻ ചതിക്കപ്പെട്ടു. ഇതിനു നഷ്ടപരിഹാരം നൽകണമെന്നാണ് സൈദി ആവശ്യപ്പെട്ടത്.

ജില്ലാ ഉപഭോക്തൃഫോറം പരാതി തള്ളിയതിനെത്തുടർന്ന് സൈദി മഹാരാഷ്ട്രാ സംസ്ഥാന ഫോറത്തെ സമീപിച്ചു. സംസ്ഥാന ഫോറം അനുകൂലമായി ഉത്തരവിട്ടു. പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനായിരുന്നു വിധി. ഇതിനെതിരെ നിർമ്മാതാക്കൾ ദേശീയ കമ്മിഷനെ സമിപിച്ചെങ്കിലും അപ്പീൽ തള്ളി. തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.

ട്രെയിലർ പ്രമോഷനിൽ ഉൾപ്പെടുത്തിയ പാട്ട് സിനിമയിൽ ഇല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യഷ് രാജ് ഫിലിംസ് വാദിച്ചു. ഇതു പല അഭിമുഖങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.