മുംബൈ: മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സജീവമായ ഈ കാലഘട്ടത്തിൽ, യുവതലമുറയായ ജെൻ സികളെക്കുറിച്ചുള്ള ചർച്ച ബോളിവുഡിൽ ചൂടുപിടിക്കുന്നു. 'ദി തെറാപ്പി ജനറേഷൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തലമുറയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് സംവിധായിക ഫറാ ഖാനും നടിയും ജെൻ സി പ്രതിനിധിയുമായി അറിയപ്പെടുന്ന അനന്യ പാണ്ഡെയും പങ്കുവെച്ചത്.

കജോളും ട്വിങ്കിൾ ഖന്നയും അവതരിപ്പിക്കുന്ന 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന ടോക്ക് ഷോയിലാണ് ഈ സംവാദമുണ്ടായത്. ജെൻ സികൾക്ക് ചെറിയ കാര്യങ്ങൾ പോലും വലിയ മാനസികാഘാതമുണ്ടാക്കുമെന്നും, എല്ലാ വിഷയങ്ങളെയും വൈകാരികമായി സമീപിക്കുമെന്നും ഫറാ ഖാൻ അഭിപ്രായപ്പെട്ടു. പഴയ തലമുറ വികാരങ്ങളെ അടക്കിവെച്ചാണ് മുന്നോട്ട് പോയതെന്നും, എന്നാൽ പുതിയ തലമുറയ്ക്ക് ചെറിയ വിമർശനങ്ങളെപ്പോലും താങ്ങാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കജോൾ തമാശരൂപേണ പറഞ്ഞത്, സ്വന്തം വീടിനുള്ളിൽ സഞ്ചരിക്കാൻ പോലും ജെൻ സികൾക്ക് ഗൂഗിൾ മാപ്പ് ആവശ്യമായി വരുമെന്നാണ്.

എന്നാൽ, ഈ വാദങ്ങളെ അനന്യ പാണ്ഡെ ശക്തമായി പ്രതിരോധിച്ചു. ജെൻ സികൾ കഴിവുള്ളവരാണെന്നും, പഴയ തലമുറയേക്കാൾ വിവരങ്ങൾ ലഭ്യമാണെന്നും അവർ വാദിച്ചു. മാനസികാരോഗ്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ധൈര്യം കാണിച്ച ആദ്യ തലമുറയാണ് ജെൻ സികൾ എന്നും അനന്യ പറഞ്ഞു. വികാരങ്ങൾ തുറന്നുപറയുന്നതിൽ അവർ പിന്നിലല്ലെന്നും, എന്നാൽ ഈ തുറന്ന സമീപനത്തിന്റെ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ ഈ തലമുറയ്ക്ക് സമയമെടുത്തേക്കാമെന്നും അവർ സൂചിപ്പിച്ചു.