ചെന്നൈ: സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയം ആദ്യം താൻ എതിർത്തിരുന്നതായി സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ. സ്വന്തം സിനിമാ ജീവിതത്തിലെ അനുഭവങ്ങളാണ് തന്റെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായി അറിയപ്പെടുന്ന സൂര്യയും ജ്യോതികയും 2006-ലാണ് വിവാഹിതരായത്.

"ആദ്യം ഞാൻ അവരുടെ പ്രണയത്തെ എതിർത്തു. എന്നാൽ ജ്യോതികയെ വിവാഹം കഴിക്കാനായില്ലെങ്കിൽ ജീവിതകാലം മുഴുവൻ താൻ ഒറ്റയ്ക്ക് കഴിയുമെന്ന് സൂര്യ ഉറപ്പിച്ചു പറഞ്ഞു," ശിവകുമാർ ഓർത്തെടുത്തു. മകന്റെ ഉറച്ച തീരുമാനം കണ്ടപ്പോൾ തന്റെ സിനിമാ ജീവിതം ശിവകുമാർ അയവിറക്കി. "ഏകദേശം 150 സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ മിക്കതും പ്രണയവിവാഹങ്ങളെ പറ്റിയുള്ള കഥകളായിരുന്നു. സിനിമയിൽ അത്തരം വേഷങ്ങൾ ചെയ്തിട്ട് സ്വന്തം മകന്റെ കാര്യത്തിൽ എതിർക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി," അദ്ദേഹം വിശദീകരിച്ചു. അങ്ങനെയാണ് താൻ പ്രണയത്തിന് സമ്മതം മൂളിയതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും സിനിമാ നിർമാണത്തിലും അഭിനയത്തിനു പുറമേ ഇരുവരും സജീവമാണ്. ഒരുപാട് കാലത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. 'പൂവെല്ലാം കേട്ടുപ്പാര്' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. നാണംകുണുങ്ങിയായിരുന്ന സൂര്യയോട് ജ്യോതികയുമായി സംസാരിക്കാൻ നടി രാധിക ശരത്കുമാർ നിർബന്ധിച്ചതും ശിവകുമാർ തമാശരൂപേണ ഓർത്തെടുത്തു.