കൊച്ചി: വ്യത്യസ്തമായ പാചക വിഡിയോകളുമായെത്തി ശ്രദ്ധേയനായ ഫുഡ് വ്‌ളോഗ്ഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസിന് യൂട്യൂബിൽ ഒൻപത് മില്യണിലധികം ഫോളോവേഴ്സുണ്ട്. എന്നാൽ യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്നും യൂട്യൂബിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഫിറോസ്. ആളുകൾ പ്രധാനമായും ഷോർട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. താനും സുഹൃത്തും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പറയുന്നത്. യുഎഇ ആസ്ഥാനമായിട്ടായിരിക്കും തന്റെ പുതിയ ബിസിനസ് എന്നും ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചു. അതേസമയം യുട്യൂബ് സ്ഥിരമായി നിർത്തില്ലെന്നും റീലുകളും സമയം കിട്ടുന്നതിന് അനുസരിച്ച് വീഡിയോകളും ഇടുമെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. അതേസമയം, കുക്കിംഗ് വിഡിയോകളും പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

'വില്ലേജ് ഫുഡ് ചാനൽ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധേയനാവുന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശിയായ ഫിറോസ്. പ്രവാസിയായിരുന്നു ഫിറോസ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 'ക്രാഫ്റ്റ് മീഡിയ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. പിന്നീട് ഇത് വില്ലേജ് ഫുഡ് ചാനൽ' എന്ന് പേര് മാറ്റുകയായിരുന്നു. താൻ പാചകം ചെയ്യുന്ന വലിയ അളവിലുള്ള ഭക്ഷണം അനാഥാലയങ്ങളിലും അഭയകേന്ദ്രങ്ങളിലും വിതരണം ചെയ്യുന്നതിലൂടെയും കൂടിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്.