വെല്ലൂർ: ഹൃദയാഘാതത്തെ തുടർന്ന് നാല് മാസമായി ചികിത്സയിൽ കഴിയുന്ന അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയെക്കുറിച്ച് കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള രാജേഷിന്റെ ശ്രമങ്ങൾ സുഹൃത്തുക്കളിൽ വലിയ പ്രതീക്ഷ നൽകുന്നതായും ചികിത്സാ ചെലവുകൾ വെല്ലുവിളിയാണെന്നും പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പുതുവർഷത്തലേന്ന് രാജേഷ് കേശവിനെ സന്ദർശിക്കാൻ പ്രതാപ് ജയലക്ഷ്മിയും ഓസ്ട്രേലിയയിൽ നിന്നെത്തിയ സുഹൃത്ത് ജയ്‌യും ഒരുമിച്ചാണ് വെല്ലൂരിലെ ആശുപത്രിയിലെത്തിയത്. ഊർജ്ജസ്വലനായ രാജേഷിനെ നിശബ്ദനായി കിടക്കയിൽ കണ്ടപ്പോൾ ആദ്യം വിഷമം തോന്നിയെന്ന് പ്രതാപ് കുറിച്ചു.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണ രൂപം:

രാജേഷിന്റെ പുതുവർഷം, പുതുവത്സര തലേന്ന് രാജേഷിനെ കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത്‌ ജയ്‌യുമുണ്ടായിരുന്നു. അവൻ ഓസ്‌ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി.

അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു. ഡോക്ർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. ‘‘രാജേഷ് സർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ’’ എന്നൊക്കെ തമിഴിലും ഇംഗ്ലിഷിലുമായി അവർ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണം ഞങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ... അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്മസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു... കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി... ചികിത്സാ ചെലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം... പക്ഷേ... ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു അവസാനം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി... അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം... ഞങ്ങളുടെ പുതു വർഷം...ആ വരവിനായി കാത്തിരിപ്പാണ്...എല്ലാവരെയും പോലെ.. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ.