- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒരു താരദാമ്പത്യത്തിന് വിരാമം. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തങ്ങൾ വേർപിരിയുകയാണെന്ന കുറിപ്പ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരുപാടു ആലോചിച്ചതിന് ശേഷമാണ് പിരിയാൻ തീരുമാനിച്ചതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിച്ച് എല്ലാവരും പ്രയാസമോറിയ ഘട്ടത്തിൽ ഒപ്പം നിൽക്കണമെന്നും ഇരുവരും മാധ്യമങ്ങളോടും സുഹൃത്തുക്കളോയും ആരാധകരോടും അഭ്യർത്ഥിച്ചു.
'ഒരുപാട് ആലോചനകൾക്കപ്പുറം, ഞാനും ജി.വി പ്രകാശും ഞങ്ങളുടെ 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനംനിലനിർത്തിക്കൊണ്ട് ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ വലുതാണ്. നന്ദി'-സൈന്ധവി കുറിച്ചു. ഈ കുറിപ്പ് ജി. വി പ്രകാശ് കുമാറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
സ്‌കൂൾ കാലം മുതലുള്ള അടുപ്പമാണ് 2013ൽ ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹത്തിലെത്തിയത്. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരി റെയ്ഹാനയുടെയും ജി. വെങ്കടേഷിന്റെയും മകനാണ് ജി. വി പ്രകാശ് കുമാർ.
എ.ആർ റഹ്മാൻ സംഗീതം പകർന്ന ജെന്റിൽമാൻ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചുകൊണ്ടാണ് ജി വി സിനിമയിൽ എത്തുന്നത്. പിന്നീട് സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും അദ്ദേഹം സിനിമയിൽ നിറഞ്ഞുനിന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞയാണ് സൈന്ധവി. 12ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത പിന്നണി ഗായികയാണ് സൈന്ധവി.