ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജും ശ്രുതി ഹാസനും ജോഡികളായെത്തുന്ന മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ കമന്റുമായി നടി ഗായത്രി ശങ്കർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഇനിമേൽ' എന്ന മ്യൂസിക് വീഡിയോയുടെ ടീസർ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടുകയാണ്.

ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട് ലോകേഷ് റൊമാന്റിക് മ്യൂസിക് വീഡിയോയിൽ അഭിനയിക്കുന്നതിനെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട രസകരമായ മകന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

'നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്,' എന്ന കുറിപ്പോടെയാണ് ഗായത്രി 'ഇനിമേൽ' ടീസർ പങ്കുവെച്ചത്. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഗായത്രി എത്തിയിരുന്നു. താരത്തിന്റെ വിക്രമിലെ കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി ഒട്ടേറെ ട്രോളുകളും ആരാധകർ പങ്കുവെച്ചിരുന്നു.

2022 ൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ ജോഡിയായാണ് ഗായത്രി എത്തിയത്. കമൽഹാസനാണ് 'ഇനിമേലി'ന്റെ ഗാനരചന നിർവഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ഛായാഗ്രഹണം ഭുവൻ ഗൗഡ നിർവഹിക്കുന്നു. മാർച്ച് 25-ന് മ്യൂസിക് വീഡിയോ പുറത്തിറങ്ങും.