- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹർഭജൻ ആദ്യമായി കണ്ടത് സിനിമ പോസ്റ്ററിൽ, യുവരാജ് വഴിയാണ് എന്റെ നമ്പർ സ്വന്തമാക്കിയത്'; മനസ്സ് തുറന്ന് ഗീത ബസ്ര
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതിമാരുടെ പട്ടികയിൽ മുൻ നിരയിലാണ് ഹര്‍ഭജന്‍ സിങ്ങും ഗീത ബസ്രയും. വിവാഹജീവിതത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഹര്‍ഭജനുമായി പ്രണയ ബന്ധത്തെ കുറിച്ച് പറയുകയാണ് ഗീത ബസ്ര. ഹർഭജൻ സിംഗ് തന്നെ ആദ്യമായി കണ്ടത് സിനിമയുടെ പോസ്റ്ററിലാണെന്നും, സുഹൃത്തും സഹതാരവുമായ യുവരാജ് സിംഗ് വഴിയാണ് തന്റെ ഫോൺ നമ്പർ സ്വന്തമാക്കിയതെന്നും ഗീത ബസ്ര പറയുന്നു. ഒരു പോഡ്‌കാസ്റ്റ് ഷോയിലാണ് തങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തെക്കുറിച്ചും വിവാഹത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഗീത മനസ്സു തുറന്നത്.
2006-ൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം അഭിനയിച്ച 'ദിൽ ദിയാ ഹേ' എന്ന സിനിമയുടെ പോസ്റ്ററിലാണ് ഹർഭജൻ ഗീതയെ ആദ്യമായി കാണുന്നത്. 'ആ നിമിഷത്തിൽ തന്നെ അദ്ദേഹം പ്രണയത്തിലായി. അതൊരു 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' പോലെയായിരുന്നു,' ഗീത പറഞ്ഞു. തുടർന്ന്, സിനിമാ മേഖലയിൽ സുഹൃത്തുക്കളുള്ള യുവരാജ് സിങ്ങിനോട് ഹർഭജൻ തന്റെ നമ്പർ ചോദിച്ചു വാങ്ങുകയായിരുന്നു. നമ്പർ ലഭിച്ചയുടൻ ഹർഭജൻ സന്ദേശമയച്ചെങ്കിലും ക്രിക്കറ്റിൽ വലിയ താല്പര്യമില്ലാതിരുന്ന താൻ ആദ്യം മറുപടി നൽകിയില്ലെന്ന് ഗീത ഓർക്കുന്നു. പിന്നീട്, ഇന്ത്യൻ ടീം ലോകകപ്പ് നേടിയപ്പോൾ അഭിനന്ദനം അറിയിച്ചുകൊണ്ട് താനാണ് ആദ്യം സന്ദേശമയച്ചത്. അതോടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചു തുടങ്ങിയത്.
തങ്ങൾ നേരിൽ കണ്ടപ്പോൾ, ഒരു സുഹൃത്തായി മാത്രം കാണാൻ കഴിയില്ലെന്നും വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും ഹർഭജൻ നിലപാട് വ്യക്തമാക്കി. എന്നാൽ അന്ന് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും ഒരു ക്രിക്കറ്റ് താരവുമായുള്ള ബന്ധം തന്റെ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും ഗീത കൂട്ടിച്ചേർത്തു. നീണ്ട പത്തു മാസത്തെ ആലോചനകൾക്ക് ശേഷമാണ് ഗീത പ്രണയത്തിന് സമ്മതം മൂളിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2015-ൽ ഇരുവരും വിവാഹിതരായി. ഇന്ന് രണ്ട് മക്കളുമായി ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊന്നാണ് ഇവർ.