കൊച്ചി: മലയാളികളുടെ പ്രിയനടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഗ്രേസ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. 'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി സിനിമാതാരങ്ങൾ ഗ്രേസിന് ആശംസകളുമായി രംഗത്തെത്തി. 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലെത്തിയത്. ടീന എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് 'മാച്ച് ബോക്സ്', 'ജോർജേട്ടൻസ് പൂരം', 'സകലകലാശാല' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

ഫഹദ് ഫാസിൽ നായകനായ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രം ഗ്രേസിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. 'നുണക്കുഴി', 'തമാശ', 'പ്രതിപൂവൻ കോഴി', 'ഹലാൽ ലൗ സ്റ്റോറി', 'സാജൻ ബേക്കറി സിൻസ് 1962' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത 'പറത്തു പോ' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തിയത്. അപ്രതീക്ഷിതമായി എത്തിയ വിവാഹവാർത്ത ആരാധകർക്കിടയിൽ സന്തോഷം നിറച്ചിട്ടുണ്ട്.