- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഗർഭിണിയായി'; അമ്മ ഫീലിങ് ഒന്നും തോന്നിയിരുന്നില്ല; കുഞ്ഞ് വന്നതോടെ എല്ലാം മാറി; വീഡിയോ ചെയ്യാൻ പോലും സമയമില്ല; തുറന്ന് പറഞ്ഞ് ഗ്രീഷ്മ ബോസ്
കൊച്ചി: മാതൃത്വത്തെക്കുറിച്ചും പ്രസവാനന്തരമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് കണ്ടന്റ് ക്രിയേറ്ററായ ഗ്രീഷ്മ ബോസ്. പ്രസവത്തെ ഏറെ ഭയന്നിരുന്ന തനിക്ക് ഭർത്താവിന്റെയും അമ്മയുടെയും പിന്തുണയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് പോകാതെ തുണയായതെന്നും, ഇപ്പോൾ ജീവിതം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്നും ഗ്രീഷ്മ വ്യക്തമാക്കി. 'ഐ ആം വിത്ത് ധന്യ വർമ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗ്രീഷ്മയും ഭർത്താവ് അഖിലും തങ്ങളുടെ പുതിയ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചത്.
വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഗർഭിണിയായപ്പോൾ താൻ ഒട്ടും തയ്യാറായിരുന്നില്ലെന്ന് ഗ്രീഷ്മ പറഞ്ഞു. പ്രസവിക്കുക എന്നത് തനിക്ക് എന്നും ഭയമുള്ള കാര്യമായിരുന്നു. ഈ ഭയം കാരണം ഒന്നുരണ്ട് വിവാഹാലോചനകൾ വരെ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. അമ്മയാകാൻ തന്റെ സ്വഭാവം അനുയോജ്യമാണോ എന്ന കാര്യത്തിലും ഗ്രീഷ്മയ്ക്ക് സംശയങ്ങളുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ ഒരു അമ്മ ഫീലിങ് തോന്നിയിരുന്നില്ലെന്നും കുഞ്ഞ് ജനിച്ചാൽ സ്നേഹിക്കാൻ കഴിയുമോയെന്ന് ഭയന്നിരുന്നതായും അവർ കൂട്ടിച്ചേർത്തു.
എന്നാൽ കുഞ്ഞ് വന്നതോടെ ജീവിതം പൂർണ്ണമായും മാറിമറിഞ്ഞുവെന്ന് ഗ്രീഷ്മ പറയുന്നു. "എന്റെ ജീവിതം ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്. വീഡിയോകൾ ചെയ്യാൻ പോലും സമയം കിട്ടാറില്ല. ചിലപ്പോഴൊക്കെ വിഷമം വരും. ഞാനിപ്പോൾ കണ്ണാടി നോക്കാറില്ല. ഞാനല്ല ആ നിൽക്കുന്നതെന്ന തോന്നൽ വരും. ഡെലിവറി കഴിഞ്ഞിട്ടും വയർ ചുരുങ്ങിയിട്ടില്ല. സ്ട്രെച്ച് മാർക്കുകളുണ്ട്. മൊത്തത്തിൽ ഞാൻ, ഞാനല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്," ഗ്രീഷ്മ തന്റെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞു.
ഇങ്ങനെയെല്ലാം ആണെങ്കിലും, മകന്റെ ചിരിയാണ് തനിക്കിപ്പോൾ ഏറ്റവും വലിയ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. പ്രസവാനന്തര വിഷാദത്തിലേക്ക് പോകാതെ തന്നെ പിടിച്ചുനിർത്തിയത് അമ്മയുടെയും ഭർത്താവ് അഖിലിന്റെയും ശക്തമായ പിന്തുണയാണെന്നും ഗ്രീഷ്മ ഊന്നിപ്പറഞ്ഞു. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹാസ്യ റീലുകൾ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രശസ്തയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. സിനിമാ പ്രൊമോഷനുകളിലും താരം സജീവമാണ്.




