ചെന്നൈ: ബോക്‌സോഫീസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ചിത്രത്തിന് തമിഴകത്തിൽ നിന്നും വലിയ പിന്തണ ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഗുണ ചിത്രത്തിന്റെ സംവിധായകൻ സന്താനഭാരതിയാണ് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് എത്തിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുവെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ചിദംബരം ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്‌സി'ൽ കമൽ ഹാസൻ നായകനായ 'ഗുണ' എന്ന ചിത്രത്തിന്റെ ധാരാളം റെഫറൻസുകളുണ്ട്. 'കൺമണി അൻപോട് കാതലൻ' എന്ന ഗാനവും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 'ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്ന് എന്നോട് ചിലർ പറഞ്ഞിരുന്നു. രണ്ട് ദിവസം മുൻപാണ് ഞാൻ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ ചിത്രം കണ്ടപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്.

"ഗുണ" ചിത്രീകരിക്കുന്ന സമയത്ത് ഇതേക്കുറിച്ച് ആർക്കും അത്ര അറിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. "സാർ എങ്ങനെയാണ് അവിടെ പോയി ഗുണ ഷൂട്ട് ചെയ്തത് എന്ന്" പലരും എന്നോട് ചോദിച്ചു. "മഞ്ഞുമ്മൽ ബോയ്‌സി"ൽ ഗുണയിലെ പാട്ട് എത്തിയപ്പോൾ തിയേറ്ററിൽ എല്ലാവരും കൈയടിക്കാൻ തുടങ്ങി. അതുവരെ എല്ലാവരും നിശബ്ദമായിരുന്നു. എനിക്ക് അപ്പോൾ രോമാഞ്ചമുണ്ടായി. കണ്ണ് നിറഞ്ഞു. 34 വർഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ റെഫറൻസിന് കൈയടി കിട്ടുമ്പോൾ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ', സന്താനഭാരതി പറഞ്ഞു.

കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം 'ഗുണാ കേവ്‌സ്' ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.