- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
"പാവപ്പെട്ടവരുടെ ഡോക്ടറാകണമെന്ന മണിച്ചേട്ടന്റെ മോഹം സഫലം; ശ്രീലക്ഷ്മി ഇനി ഡോക്ടർ; കലാഭവൻ മണി വിടവാങ്ങി പത്ത് വർഷം തികയുമ്പോൾ ഹൃദയം തൊടുന്ന വാർത്ത

ചാലക്കുടി: മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണി വിടവാങ്ങി പത്തു വർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം സഫലമായി. തന്റെ മകൾ ശ്രീലക്ഷ്മി ഒരു ഡോക്ടറാകണമെന്ന മണിയുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. പഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി ഇപ്പോൾ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്.
ഓട്ടോറിക്ഷാ തൊഴിലാളിയിൽ നിന്നും വെള്ളിത്തിരയുടെ വിസ്മയമായി വളർന്നപ്പോഴും തന്റെ കുടുംബത്തിന്റെ തണലായി മാറണമെന്നതായിരുന്നു മണിയുടെ ലക്ഷ്യം. "എന്റെ മകൾ പാവപ്പെട്ടവരുടെ ഡോക്ടറാകണം" എന്ന് അദ്ദേഹം പലപ്പോഴും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെക്കുമായിരുന്നു. ആ വാക്കുകൾ നെഞ്ചേറ്റിയാണ് ശ്രീലക്ഷ്മി മെഡിക്കൽ ബിരുദം നേടിയത്.
മണിയുടെ ആകസ്മിക വിയോഗം കേരളത്തെ കണ്ണീരിലാഴ്ത്തിയ സമയത്തായിരുന്നു ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ. അച്ഛന്റെ വിയോഗം തീർത്ത വലിയ ശൂന്യതയിലും മനക്കരുത്തോടെ പരീക്ഷയെഴുതിയ ശ്രീലക്ഷ്മി എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി മികച്ച വിജയം നേടിയിരുന്നു. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് (SNIMS) ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയത്.
അന്ന് മണി പറഞ്ഞത് പറഞ്ഞത്
മകൾക്ക് അഭിനയത്തോട് വലിയ താൽപ്പര്യമായിരുന്നു. അവൾക്കും സിനിമയിൽ അഭിനയിക്കണമെന്ന് പറയുമ്പോൾ നൽകാറുള്ള മറുപടി ഇങ്ങനെയായിരുന്നു: എനിക്ക് സ്‌കൂളിൽ പോകാനോ നന്നായി പഠിക്കാനോ സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ മകൾ നന്നായി പഠിക്കണം. പഠനം കഴിഞ്ഞ് നല്ലൊരു ജോലിക്കാരിയാകണം. പഠനം കഴിഞ്ഞാൽ അഭിനയിപ്പിക്കുമോ എന്ന മകളുടെ മറുചോദ്യത്തിന്, നിന്നെ ഞാൻ നല്ലൊരു ജോലിക്കാരിയാക്കി മാറ്റാം എന്നായിരുന്നു ആ അച്ഛന്റെ വാഗ്ദാനം. സഹോദരനായും കൂട്ടുകാരനായും മണിയെ സ്നേഹിച്ച മലയാളികൾക്ക് ഈ പത്താം ചരമവാർഷിക ദിനത്തിൽ ശ്രീലക്ഷ്മിയുടെ ഈ നേട്ടം ഇരട്ടി മധുരമുള്ള വാർത്തയായി മാറുകയാണ്.


