- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടില്ല'; ഒരു വീട്ടിൽ താമസിച്ചത് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെ; ഇപ്പോൾ ഞാനൊരു 'പ്രൗഡ് ഡിവോഴ്സി'; വിവാഹമോചനത്തെ കുറിച്ച് ഹെയ്ദി സാദിയ

കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയുടെയും അഥർവ് മോഹന്റെയും വിവാഹം വലിയ ആഘോഷത്തോടെയാണ് കേരളം ഏറ്റെടുത്തത്. എന്നാൽ പ്രതീക്ഷിച്ച അത്ര സുഗമമായിരുന്നില്ല ആ ദാമ്പത്യമെന്ന് തുറന്നു പറയുകയാണ് ഹെയ്ദി ഇപ്പോൾ. രണ്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ബിഗ്ബോസ് മുൻ താരം കെ.ബി. ശാരികയുമായുള്ള അഭിമുഖത്തിൽ ഹെയ്ദി മനസ്സ് തുറന്നു.
"വളരെ ചെറിയ പ്രായത്തിലായിരുന്നു എന്റെ വിവാഹം. പഠനം കഴിഞ്ഞ ഉടനെയായിരുന്നു അത്. ഞാനും അഥർവും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും ഞങ്ങൾ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരായിരുന്നു. റൊമാന്റിക്കലി, മെന്റലി, ഫിസിക്കലി ഒന്നും ഞങ്ങൾ തമ്മിൽ കണക്ഷനുണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ എന്ന് അന്ന് അറിയില്ലായിരുന്നു," ഹെയ്ദി പറയുന്നു.
വിവാഹജീവിതത്തിലെ വൈകാരിക ദൂരത്തെക്കുറിച്ച് ഹെയ്ദി പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാണ്: "ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതെയാണ് ഞങ്ങൾ ഒരു വീട്ടിൽ കഴിഞ്ഞത്. ഒരു ചായ വേണമെങ്കിൽ പോലും നേരിട്ട് ചോദിക്കാതെ വാട്സാപ്പിൽ മെസേജ് അയക്കുന്ന അവസ്ഥയായിരുന്നു. ഞാൻ ആഗ്രഹിച്ചത് ഒരു റൊമാന്റിക് അറ്റാച്ച്‌മെന്റായിരുന്നു. എന്നാൽ ആദ്യ ദിവസം മുതൽ പിരിഞ്ഞ ദിവസം വരെ ഒരു ഇമോഷണൽ കണക്ഷൻ പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല."
2020-ൽ നടന്ന വിവാഹം 2021 ആയപ്പോഴേക്കും മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായി ഹെയ്ദി വ്യക്തമാക്കുന്നു. "ഈ ബന്ധം നിർത്താം എന്ന് അദ്ദേഹം പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരിക്കൽ പോലും ഒരുമിച്ച് നിന്നിട്ടില്ല. ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടേയില്ല. ഈ വിവാഹമോചനം ജീവിതത്തിൽ വലിയൊരു പാഠമാണ് നൽകിയത്. അതിൽ എനിക്ക് കുറ്റബോധമില്ല, ഞാനൊരു 'പ്രൗഡ് ഡിവോഴ്സി' ആണ്." അഥർവ് ഇപ്പോൾ തന്റെ ജീവിതത്തിൽ സന്തുഷ്ടനാണെന്നും പുതിയ ബിസിനസും റിലേഷൻഷിപ്പുമായി മുന്നോട്ട് പോകുകയാണെന്നും ഹെയ്ദി കൂട്ടിച്ചേർത്തു. "ആ വ്യക്തി ഇന്ന് ഹാപ്പിയാണ്, എനിക്ക് അതുമതി," ഹെയ്ദി പറഞ്ഞു നിർത്തി.


