മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനെതിരെ നടി ഹേമ ശർമ. നടൻ സൽമാൻ ഖാന്റെ സുരക്ഷ ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ചാണ് നടി രംഗത്തുവന്നത്. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ ചിത്രമായ ദബാംഗ് 3ന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് നടി വെളിപ്പെടുത്തിയത്

'ദബാംഗ് 3 സിനിമയിലേക്ക് തന്നെ ആകർഷിച്ചത് സൽമാൻ ഖാൻ ആയിരുന്നു. അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് വിചാരിച്ചു. ചിത്രത്തിൽ സൽമാനോടൊപ്പം ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ നടനോടൊപ്പമായിരുന്നില്ല പ്രത്യേകമായിരുന്നു ചിത്രീകരിച്ചത്. ഇത് എന്നെ ഏറെ വിഷമിപ്പിച്ചു- ഹേമ വ്യക്തമാക്കി.

സൽമാൻ ഖാനെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഈ ആവശ്യം പറഞ്ഞ് ഞാൻ പലരേയും സമീപിച്ചു. എന്നാൽ ഒരു ഫലവുമുണ്ടായില്ല. തുടർന്ന് ബിഗ് ബോസ് താരം പണ്ഡിറ്റ് ജനാർദ്ദനോട് ഈ കാര്യം പറഞ്ഞു. അദ്ദേഹം എന്നെ സഹായിക്കാമെന്ന് ഉറപ്പു നൽകി. ഞങ്ങൾ രണ്ടുപേരും കൂടി സൽമാനെ കാണാൻ പോയി. എന്നാൽ അവിടെയുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ വളരെ മോശമായിട്ടായിരുന്നു പെരുമാറിയത്. എന്നെ അറിയാവുന്ന നിരവധി പേർ അവിടെയുണ്ടായിരുന്നു. എല്ലാവരുടേയും മുന്നിൽ ഞാൻ നാണംകെട്ടു.

ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സൽമാൻ സാറിനെ ഒരുനോക്ക് കാണാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനും മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയാരു സാഹചര്യം ഉണ്ടാവില്ലായിരുന്നു, അദ്ദേഹം വേണ്ടവിധത്തിൽ അത് കൈകാര്യം ചെയ്യുമായിരുന്നു'- നടി കൂട്ടിച്ചേർത്തു.