ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന നടി താനെന്ന കാര്യത്തില്‍ മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ഥിരീകരിച്ചു. ഒരു എപ്പിസോഡിന് 14 ലക്ഷം രൂപ ലഭിക്കുന്നുവെന്ന പ്രചാരണത്തെക്കുറിച്ച് പ്രതികരിക്കവേ, താനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ അഭിനേത്രി എന്നു സ്മൃതി സിഎന്‍എന്‍ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍, കൃത്യമായ പ്രതിഫലം വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

'ക്യുങ്കി സാസ് ഭി കഭി ബഹു തി 2' എന്ന സീരിയലിലൂടെയാണ് സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. മാതൃകാ മരുമകളായ തുളസി വിരാനി എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്ന താരം, സഹതാരങ്ങളുടെ കരിയര്‍ ഉയര്‍ത്താന്‍ കഴിയുന്ന ഒരാളാണെന്ന അവകാശവും ഉന്നയിച്ചു.

2000 മുതല്‍ 2008 വരെ സംപ്രേഷണം ചെയ്ത 'ക്യുങ്കി സാസ് ഭി കഭി ബഹു തി' ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു. 1500 ലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ പരമ്പര സ്മൃതിക്ക് ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച നടി (ജനപ്രിയ) വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകള്‍ നേടിക്കൊടുത്തു.

സ്മൃതിയും അമര്‍ ഉപാധ്യായയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സീരിയലില്‍ ഹിതന്‍ തേജ്വാനി, ഗൗരി പ്രധാന്‍, രോഹിത് സുചാന്തി, ഷാഗുണ്‍ ശര്‍മ്മ, അമന്‍ ഗാന്ധി, തനിഷ മേത്ത, അങ്കിത് ഭാട്ടിയ, പ്രാചി സിംഗ് എന്നിവരും അഭിനയിക്കുന്നു. സ്റ്റാര്‍പ്ലസില്‍ പ്രീമിയര്‍ ചെയ്യുന്ന ഈ ഷോ, ജിയോ ഹോട്ട്സ്റ്റാറില്‍ ഓണ്‍ലൈനായി ലഭ്യമാണ്.