ഹോളിവുഡ് ചിത്രങ്ങള്‍ ഏറ്റവും ആരാധകരുള്ള ചിത്രങ്ങളാണ് മാര്‍വല്‍ മൂവിസും, ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സിയും ഒക്കെ. അതിലെ കഥാപാത്രങ്ങളെ എല്ലാം ഒന്നിന് ഒന്ന് വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട് തന്നെ അതിലെ ക്യാരക്ടറെയും അത് അവതരിപ്പിച്ച അഭിനേതാക്കളെയും ഒരിക്കലും മറക്കില്ല. അത്തരത്തില്‍ ഒരു താരമാണ് ഹോളിവുഡ് നടന്‍ ജൈമണ്‍ ഹൗണ്‍സൗ. രണ്ട് പതിറ്റാണ്ടായി അഭിനയരംഗത്ത് അദ്ദേഹം ഉണ്ട്. ഗ്ലാഡിയേറ്റര്‍, ബ്ലഡ് ഡയമണ്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നാണ് ആരാധകരുടെ പ്രിയതാരം പറയുന്നത്. ഹോളിവുഡിലെ പ്രതിഫലത്തെ കുറിച്ചും സിനിമാമേഖലയില്‍ നേരിടുന്ന മറ്റുവെല്ലുവിളികളെ കുറിച്ചുമെല്ലാം താരം പറഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ താന്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍

സിനിമാ വ്യവസായത്തില്‍ ഞാന്‍ രണ്ടുപതിറ്റാണ്ടിലധികമായി. രണ്ട് ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ചു. നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഭാഗമായി. എന്നിട്ടും സാമ്പത്തികമായി ഞാന്‍ ബുദ്ധിമുട്ടുകയാണ്. എനിക്ക് ലഭിക്കുന്ന ശമ്പളം വളരെയധികം കുറവാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1997 ല്‍ പുറത്തിറങ്ങിയ അമിസ്താദ് എന്ന ചിത്രമാണ് ഹൗണ്‍സൗവിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. ചിത്രത്തിലെ ഹൗണ്‍സൗവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹോളിവുഡില്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.

ഗോള്‍ഡന്‍ ഗ്ലോബിന് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും ഓസ്‌കറില്‍ തന്നെ അവഗണിച്ചെന്ന് നടന്‍ പറയുന്നു. ബഹുമാനത്തോടെ സമീപിക്കേണ്ട ഒരു നടനായി തന്നെ അവര്‍ പരിഗണിക്കുന്നില്ലെന്നും സിനിമാ മേഖലയില്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ടെന്നും നടന്‍ തുറന്നടിച്ചു. ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി, ഫ്യൂരിയസ് 7, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയ ചിത്രങ്ങളിലും ഹൗണ്‍സൗ വേഷമിട്ടിട്ടുണ്ട്.