ലോസ് ആഞ്ചലസ്: ഗോൾഡൻ ഗ്ലോബ് വേദിയിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് മാർക്ക് റഫലോ. ട്രംപിനെ 'ലോകത്തിലെ ഏറ്റവും മോശം മനുഷ്യൻ' എന്നും 'ഒരു കുറ്റവാളി എന്നും വിശേഷിപ്പിച്ച റഫലോ, രാജ്യത്തെ സാഹചര്യങ്ങൾ അസ്വാഭാവികമാണെന്നും തനിക്ക് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും തുറന്നുപറഞ്ഞു. അമേരിക്കൻ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെയും ഐ.സി.ഇ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി.

'നമ്മൾ എല്ലാവരും വലിയ കുഴപ്പത്തിലാണ്,' എന്ന് പറഞ്ഞ റഫലോ, ട്രംപ് ഒരു ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന് ഇദ്ദേഹത്തിന്റെ ധാർമ്മികതയെയാണ് ആശ്രയിക്കേണ്ടതെങ്കിൽ അത് വലിയൊരു ദുരന്തമാണെന്നും ചൂണ്ടിക്കാട്ടി. മിനിയാപൊളിസിൽ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റു മരിച്ച റെനി ഗുഡിന്റെ സ്മരണാർത്ഥം 'ബി ഗുഡ്' എന്നെഴുതിയ പിൻ ധരിച്ചാണ് താരം ചടങ്ങിൽ പങ്കെടുത്തത്. 'ടാസ്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം കൊല ചെയ്യപ്പെട്ട റെനി നിക്കോൾ ഗുഡിന് വേണ്ടിയാണെന്ന് അദ്ദേഹം യുഎസ്എ ടുഡേയോട് വെളിപ്പെടുത്തി.

അന്താരാഷ്ട്ര നിയമങ്ങൾക്ക് ട്രംപിന് മുന്നിൽ വിലയില്ലെന്നും, വെനസ്വേലയിലേക്ക് അനധികൃതമായി കടന്നുകയറിക്കൊണ്ടുള്ള ഒരു യുദ്ധത്തിന്റെ നടുവിലാണ് അമേരിക്കയെന്നും റഫലോ ആരോപിച്ചു. രാജ്യത്ത് സംഭവിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് പറയുന്നത് കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചതിൽ അഭിമാനമുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങൾ തന്നെ ശാരീരികമായി പോലും അസ്വസ്ഥനാക്കുന്നുണ്ടെന്നും കപടമായി സംസാരിക്കാൻ കഴിയില്ലെന്നും റഫലോ റെഡ് കാർപെറ്റിൽ വെളിപ്പെടുത്തി. റഫലോയെ കൂടാതെ വാണ്ട സൈക്സ്, ജീൻ സ്മാർട്ട് തുടങ്ങിയവരും ഈ പ്രതിഷേധത്തിൽ പങ്കുചേർന്നു.