തിരുവനന്തപുരം: താരസംഘടനയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി മലയാള സിനിമ മേഖലയില്‍ വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

'വനിത സംഘടനയുടെ തലപ്പത്ത് വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു' -എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. ശ്വേത മേനോന്റെ പേരിലുള്ള കേസിന്റെ പിറകിലെ രാഷ്ട്രീയം അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് കേസിനെക്കുറിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.

അതേസമയം, അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.

'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.