കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ പോലിസിന് കേസെടുക്കാന്‍ വകുപ്പുകള്‍ ഒന്നുമില്ലെന്ന് കൊച്ചി പോലീസ്. ഹണി റോസ് കോടതി വഴി പരാതി നല്‍കണമെന്നും പോലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ഹര്‍ജി 27ന് പരിഗണിക്കാനിരിക്കവെ പോലീസിന്റെ വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചിരുന്നു. ഹര്‍ജി നല്‍കിയ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി.

നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്റെ ആവശ്യം. രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.