മേരിക്കയിലെ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ ലോകപ്രശസ്ത ആക്ഷൻ ഇതിഹാസം ജാക്കി ചാനുമായി കൂടിക്കാഴ്ച നടത്തി. ബെവർലി ഹിൽസിലെ ഒരു ഹോട്ടലിന് പുറത്തുവെച്ചാണ് ഇരുവരും ആകസ്മികമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഹൃത്വിക് തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ജാക്കി ചാനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഹൃത്വിക്, ലോകോത്തര ആക്ഷൻ താരത്തോടുള്ള തൻ്റെ ആദരവ് പ്രകടിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പും ഒപ്പം നൽകിയിട്ടുണ്ട്. താൻ ഒരു ആക്ഷൻ ഹീറോയായി അറിയപ്പെടുമ്പോഴും, ജാക്കി ചാൻ്റെ അർപ്പണബോധത്തെയും പ്രകടനത്തെയും വിനയത്തോടെ ബഹുമാനിക്കുന്നു എന്ന് ചിത്രങ്ങൾക്ക് താഴെ അദ്ദേഹം കുറിച്ചു.

നിലവിൽ നടി സബ ആസാദിനൊപ്പം യു.എസിൽ അവധിയാഘോഷിക്കുകയാണ് ഹൃത്വിക് റോഷൻ. സിനിമ നിർമ്മാണ രംഗത്തേക്കും താരം ചുവടുറപ്പിക്കുകയാണ്. 'സ്റ്റോം' എന്ന ത്രില്ലർ സീരീസ് നിർമ്മിച്ചാണ് അദ്ദേഹം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രൈം വീഡിയോയുമായി സഹകരിച്ചാണ് ഈ സംരംഭം.