- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എൻ്റെ അവസാന ചിത്രം ബോക്സ് ഓഫീസിൽ ബോംബായിരുന്നു, എന്നിട്ടും നിങ്ങൾ എന്നെ 'സൂപ്പർസ്റ്റാർ' എന്ന് വിളിക്കുന്നു; പൊതുവേദിയിൽ സ്വയം ട്രോളി ഹൃത്വിക് റോഷൻ; കൈയ്യടിച്ച് ആരാധകർ
മുംബൈ: ബോളിവുഡിലെ സൂപ്പർതാരം ഹൃത്വിക് റോഷൻ്റെ ഏറ്റവും പുതിയ ചിത്രമായ 'വാർ 2' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനെത്തുടർന്ന്, അദ്ദേഹം ഒരു പൊതുവേദിയിൽ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചാവിഷയം. സ്വന്തം പരാജയത്തെക്കുറിച്ച് യാതൊരു മടിയുമില്ലാതെ താരം നടത്തിയ സെൽഫ് ട്രോളിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദുബായിൽ നടന്ന ഒരു പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഹൃത്വിക്. താരത്തെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവതാരകൻ അദ്ദേഹത്തെ 'സൂപ്പർസ്റ്റാർ' എന്ന് വിശേഷിപ്പിച്ചു. ഈ വിശേഷണത്തിന് മറുപടി നൽകവെയാണ് ഹൃത്വിക് തൻ്റെ സിനിമയുടെ പരാജയത്തെക്കുറിച്ച് തമാശരൂപേണ തുറന്നുപറഞ്ഞത്.
"നിങ്ങൾ നൽകിയ ഈ വിശേഷണം എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നൽകുന്നു. കാരണം, എൻ്റെ അവസാന ചിത്രം ബോക്സ് ഓഫീസിൽ ബോംബായി തകർന്നുപോയിരുന്നു. അതുകൊണ്ട് നിങ്ങൾ നൽകുന്ന ഈ സ്നേഹവും ഊഷ്മളമായ സ്വീകരണവും ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. നന്ദി," ഹൃത്വിക് ചിരിച്ചുകൊണ്ട് പറഞ്ഞു.
400 കോടി രൂപയോളം മുടക്കി നിർമ്മിച്ച, യാഷ് രാജ് ഫിലിംസിൻ്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു 'വാർ 2'. എന്നാൽ, ചിത്രം തിയേറ്ററുകളിൽ വൻ തിരിച്ചടി നേരിട്ടിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, സാധാരണ താരങ്ങൾ മൗനം പാലിക്കുമ്പോൾ, ഹൃത്വിക് റോഷൻ്റെ ഈ ആത്മപരിഹാസം ആരാധകർക്കിടയിൽ താരത്തിൻ്റെ ഇമേജ് വർധിപ്പിച്ചു. "ഇതാണ് യഥാർത്ഥ സൂപ്പർസ്റ്റാറിൻ്റെ എളിമ" എന്നും പറഞ്ഞ് നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2.




