- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ മോഹൻലാൽ സാറിന്റെ വലിയ ആരാധകൻ, അക്കാര്യം പഠിച്ചത് അദ്ദേഹത്തിൽ നിന്ന്'; അനുഭവം പങ്കുവെച്ച് ഭരത്

ചെന്നൈ: ക്യാമറയ്ക്ക് മുന്നിലെ മോഹൻലാലിന്റെ അമ്പരപ്പിക്കുന്ന പകർന്നാട്ടങ്ങളെക്കുറിച്ച് സഹപ്രവർത്തകർ വാതോരാതെ പറയാറുണ്ട്. ആക്ഷനും കട്ടിനും ഇടയിലുള്ള ആ മാന്ത്രികതയെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് തമിഴ് നടൻ ഭരത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'കൂതറ' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഭരത് അഭിനയിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ 'കാളിദാസ് 2'-ന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ലാൽ എന്ന നടന്റെ അസാധ്യമായ സ്വിച്ചിംഗിനെക്കുറിച്ച് ഭരത് സംസാരിച്ചത്.
കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുപോകാതെ സെറ്റിൽ തന്നെ ഉപേക്ഷിക്കാൻ സാധിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ഭരത് മോഹൻലാലിനെ മാതൃകയാക്കിയത്. "ഞാൻ മോഹൻലാൽ സാറിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. സ്റ്റാർട്ട് ക്യാമറ ആക്ഷൻ എന്ന് കേൾക്കുന്ന മാത്രയിൽ അദ്ദേഹം ആ കഥാപാത്രമായി മാറും. ആ ഗിയർ ഷിഫ്റ്റ് അത്ഭുതകരമാണ്. അത് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചതാണ്," ഭരത് പറഞ്ഞു. ഷോട്ട് കഴിഞ്ഞ് 'കട്ട്' എന്ന് വിളിക്കുമ്പോഴേക്കും അദ്ദേഹം തിരികെ സ്വതസിദ്ധമായ രീതിയിലേക്ക് മാറുമെന്നും ഭരത് പറഞ്ഞു.
"കട്ട് പറഞ്ഞാലുടൻ അദ്ദേഹം തന്റെ സുഹൃത്തുക്കൾക്കൊപ്പം വന്നിരിക്കും. അദ്ദേഹത്തെ കാണാൻ ദിവസവും എത്തുന്നവരോട് സംസാരിച്ചിരിക്കും, കാപ്പി കുടിക്കും. എന്നാൽ അടുത്ത ഷോട്ടിനായി ആക്ഷൻ കേൾക്കുമ്പോൾ വീണ്ടും ആ മാറ്റം സംഭവിക്കും. ഞാനും അതുപോലെ തന്നെയാണ്. കഥാപാത്രമാവാൻ സെറ്റിൽ തയ്യാറെടുപ്പുകൾ നടത്തുമെങ്കിലും പാക്കപ്പ് കഴിഞ്ഞാൽ കഥാപാത്രത്തെ ഒപ്പം കൂട്ടാറില്ല," ഭരത് വ്യക്തമാക്കി. കഥാപാത്രത്തിന്റെ തുടർച്ചയും ബോഡി ലാംഗ്വേജുമൊക്കെ കൃത്യമായി പഠിച്ച് തയ്യാറെടുക്കുമെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞാൽ ആ ടീമുമായുള്ള വൈകാരിക ബന്ധം മാത്രമേ നിലനിർത്താറുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.


