മുംബൈ: ചുംബന രംഗങ്ങൾ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വാണിജ്യ വിജയങ്ങൾ ആയതുകൊണ്ട് അത്തരമൊരു ഇമേജ് താൻ പരമാവധി ഉപയോഗിച്ചുവെന്ന് ഇമ്രാൻ ഹാഷ്മി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. 'ആഷിഖ് ബനായ' എന്ന ഒരൊറ്റ ഗാനം കേരളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.

"ചുംബനരംഗങ്ങളുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു," ഇമ്രാൻ ഹാഷ്മി പറഞ്ഞു. ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായിരുന്നു ഇമ്രാൻ ഹാഷ്മി.

റിലീസായ മിക്ക ചിത്രങ്ങളിലും ചുംബന രംഗങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ 'ചുംബന വീരൻ' എന്ന വിശേഷണത്തിൽ അദ്ദേഹം അറിയപ്പെട്ടു. 2003-ൽ പുറത്തിറങ്ങിയ 'ഫൂട്ട്പാത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ സിനിമാ അരങ്ങേറ്റം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഹഖ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ അഡ്വ. മുഹമ്മദ് അബ്ബാസ് ഖാൻ എന്ന കഥാപാത്രത്തെയാണ് ഇമ്രാൻ ഹാഷ്മി അവതരിപ്പിച്ചത്.