മുംബൈ: അമിതാഭ് ബച്ചൻ അവതാരകനായ പ്രമുഖ ടെലിവിഷൻ ഷോ കോൻ ബനേഗാ ക്രോർപതിയുടെ സ്വാതന്ത്ര്യദിന എപ്പിസോഡിൽ ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥർ അതിഥികളായെത്തുന്നു. കേണൽ സോഫിയ ഖുറേഷി, വ്യോമസേനയിൽ നിന്ന് വിങ് കമാൻഡർ വ്യോമിക സിംഗ്, നാവികസേനയിൽ നിന്ന് കമാൻഡർ പ്രേരണ ദിയോസ്തലീ എന്നിവരാണ് ഷോയിൽ അതിഥികളായി എത്തിയത്.

പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകാനാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തതെന്ന് കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. 'പാകിസ്താൻ ഇത് തുടർന്നുകൊണ്ടേയിരുന്നു. അതിനാൽ ഒരു മറുപടി അനിവാര്യമായിരുന്നു. അങ്ങനെയാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത്' അവർ പറഞ്ഞു.

ദൗത്യം പൂർത്തിയാക്കിയത് വെറും 25 മിനിറ്റിനുള്ളിലാണെന്ന് വിങ് കമാൻഡർ വ്യോമിക സിംഗ് കൂട്ടിച്ചേർത്തു. 'രാത്രി 1:05-നും 1:30-നും ഇടയിൽ, വെറും 25 മിനിറ്റുകൊണ്ടാണ് ഞങ്ങൾ ദൗത്യം പൂർത്തിയാക്കിയത്' അവർ പറഞ്ഞു. ഈ ഓപ്പറേഷനിൽ ലക്ഷ്യങ്ങൾ കൃത്യമായി തകർത്തുവെന്നും എന്നാൽ സാധാരണക്കാരായ ആർക്കും ഒരു തരത്തിലുള്ള ദോഷവും സംഭവിച്ചില്ലെന്നും കമാൻഡർ പ്രേരണ ദിയോസ്തലീ വ്യക്തമാക്കി.

'ഇതൊരു പുതിയ ഇന്ത്യയാണ്, പുതിയ കാഴ്ചപ്പാടുള്ള ഇന്ത്യ' എന്ന് കേണൽ സോഫിയ പറഞ്ഞപ്പോൾ, അമിതാഭ് ബച്ചനും സദസ്സും ഒന്നടങ്കം 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചു. സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ പുറത്തുവിട്ട ഷോയുടെ പ്രൊമോ വീഡിയോയിലാണ് ഈ വിവരങ്ങളുള്ളത്. ഓഗസ്റ്റ് 15-ന് രാത്രി 9 മണിക്ക് സോണി എന്റർടെയ്ൻമെന്റ് ടെലിവിഷനിലും സോണി ലിവ് ആപ്പിലും എപ്പിസോഡ് സംപ്രേഷണം ചെയ്യും.