ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇന്ദ്രജിത്ത്; ആദ്യ ചിത്രം അനുരാഗ് കശ്യപിനൊപ്പം; അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇന്ദ്രജിത്ത്
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: തെലുങ്കില്‍ വെബ്സീരീസിലുടെ ശ്രദ്ധനേടിയതിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി മലയാളി താരം ഇന്ദ്രജിത്ത് സുകുമാരന്‍.പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്.അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
അനുരാഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. 'എന്റെ ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്', ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഈ സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാഗ് കശ്യപിന്റെ മറുപടിയും എത്തി. 'നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങള്‍ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്.എന്നും നിങ്ങള്‍ എന്റെ ഇളയ സഹോദരനായിരിക്കും', അനുരാഗ് കുറിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും താരം അറിയിച്ചു.