തിരുവനന്തപുരം: വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരനായി മാറിയ നടൻ ഇന്ദ്രൻസിന്റെ ജീവിതം വലിയൊരു അതിജീവനത്തിന്റെ കഥയാണ്. ഹാസ്യതാരത്തിൽ നിന്ന് സ്വഭാവനടനായും രാജ്യാന്തര പുരസ്കാര ജേതാവായും വളർന്നപ്പോഴും തന്റെ ലാളിത്യം കൊണ്ട് അദ്ദേഹം എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചും യൂണിഫോം വാങ്ങാൻ കാശില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.

തിരുവനന്തപുരം കുമാരപുരത്തായിരുന്നു ഇന്ദ്രൻസിന്റെ കുട്ടിക്കാലവും സ്കൂൾ ജീവിതവും. പഠനത്തിൽ എന്നും മുൻപന്തിയിലായിരുന്നു അദ്ദേഹം. "പഠിക്കാൻ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് കിട്ടുമായിരുന്നു. മാർക്ക് അനുസരിച്ചാണ് അന്ന് കുട്ടികളെ ക്ലാസിൽ ഇരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ഒന്നാം ബെഞ്ചിൽ തന്നെയായിരുന്നു എന്റെ സ്ഥാനം," ഇന്ദ്രൻസ് ഓർത്തെടുക്കുന്നു.

എന്നാൽ പഠനത്തിൽ മികവ് പുലർത്തിയെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ ചെറിയ കുട്ടിയുടെ സ്വപ്നങ്ങൾക്ക് തടസ്സമായി. നാലാം ക്ലാസിലെത്തിയപ്പോൾ യൂണിഫോം നിർബന്ധമാക്കി. എന്നാൽ യൂണിഫോം വാങ്ങാൻ നിവർത്തിയില്ലാത്തതിനാൽ ഒരു വർഷം പഠനം മുടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും സാഹചര്യം മാറിയില്ല.

"ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു അന്ന് വീട്ടിൽ. ഒരു വർഷം പോകാതെ ഇരുന്ന ശേഷം വീണ്ടും നാലാം ക്ലാസിൽ തന്നെ ചേർന്നു. പക്ഷേ വീണ്ടും യൂണിഫോം പ്രശ്നമായതോടെ പഠിത്തം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടി വന്നു. ഏഴ് മക്കളുള്ള കുടുംബത്തിൽ മൂന്നാമനായിരുന്നു ഞാൻ. വീട്ടിലെ പ്രയാസങ്ങൾക്കിടയിൽ പഠനം തുടരുക എളുപ്പമായിരുന്നില്ല," അദ്ദേഹം പറഞ്ഞു.

വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തിയ ഇന്ദ്രൻസ് പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വർഷങ്ങളോളം കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്നെങ്കിലും പിൽക്കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി. മികച്ച നടനുള്ള സംസ്ഥാന അവാർഡും അന്താരാഷ്ട്ര തലത്തിൽ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരവും നേടി അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.