കൊച്ചി: നടൻ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബറും ഇൻഫ്ളുവൻസറുമായ സായ് കൃഷ്ണ. സിദ്ധാർത്ഥിന്റെ പ്രവൃത്തി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സായ് കൃഷ്ണ, താരത്തെ നാട്ടുകാർ കെട്ടിയിടുകയും കഴുത്തിൽ കയറിട്ട് മുറുക്കാൻ ശ്രമിക്കുകയും ചെയ്തത് ശരിയായ നടപടിയല്ലെന്നും, ഈ അതിക്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു വ്ലോഗിലൂടെയാണ് സായ് കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ പയ്യനോട് സഹതാപവും സങ്കടവുമാണ് തോന്നിയതെന്ന് സായ് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് വലിയ തെറ്റാണെന്നും, പത്താൾ അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ തന്റെ സൽപ്പേര് കളയാതെ സൂക്ഷിക്കേണ്ടത് സിദ്ധാർത്ഥിന്റെ കടമയായിരുന്നുവെന്നും സായ് പറഞ്ഞു. മദ്യപിക്കണമെന്ന് തോന്നുമ്പോൾ വീട്ടിലോ സുരക്ഷിതമായ മറ്റ് സ്ഥലത്തോ പോയി കഴിക്കുകയോ, അല്ലെങ്കിൽ മദ്യപിക്കാത്ത ഒരാളെ ഡ്രൈവറായി ഒപ്പം കൂട്ടുകയോ ചെയ്യാമായിരുന്നു. എന്നാൽ അതെല്ലാം ഒഴിവാക്കി മദ്യലഹരിയിൽ താൻ ഹീറോയാണെന്ന് പറഞ്ഞ് റോഡിലിറങ്ങിയാൽ ഇതാകും അവസ്ഥയെന്നും, സിദ്ധാർത്ഥ് ചെയ്ത കർമ്മത്തിന് സ്വയം അനുഭവിച്ചേ മതിയാകൂ എന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

എന്നാൽ, സിദ്ധാർത്ഥിനോട് ആളുകൾ പെരുമാറിയ രീതി തെറ്റായിരുന്നുവെന്ന് സായ് കൃഷ്ണ വിമർശിച്ചു. പ്രകോപിതരായാണ് നാട്ടുകാർ സിദ്ധാർത്ഥിനെ പിടിച്ചുവെച്ചതും കെട്ടിയിട്ടതും എന്നത് ശരിയാണെങ്കിലും, കൈയ്യും കാലും കെട്ടുകയും കഴുത്തിൽ കയറിട്ട് മുറുക്കാൻ നോക്കുകയും ചെയ്തത് ഗുരുതരമായ പ്രവൃത്തിയാണ്. മദ്യലഹരിയിലുള്ള ഒരാളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കഴിഞ്ഞാൽ അയാൾ മരിച്ച് പോകാൻ സാധ്യതയുണ്ടെന്നും, കഴുത്തിൽ കയറിട്ട് മുറുക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാളെ പിടിച്ചുവെക്കാൻ കത്തി കാണിക്കുകയോ, കഴുത്തിൽ കയറിടുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും സായ് കൃഷ്ണ തന്റെ വീഡിയോയിൽ ഓർമ്മിപ്പിച്ചു.