മുംബൈ: ബോളിവുഡിന്റെ താരസിംഹാസനത്തിൽ ഷാരൂഖ് ഖാൻ എന്ന കിങ് ഖാന് വെല്ലുവിളിയായി ഹൃത്വിക് റോഷൻ വളർന്നുവന്ന ആ പഴയ കാലത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടുന്നു. 'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ ഒരു രാത്രികൊണ്ട് സൂപ്പർതാരമായി മാറിയ ഹൃത്വിക്, ഷാരൂഖിന്റെ പിൻഗാമിയാകുമെന്ന് ആരാധകരും മാധ്യമങ്ങളും ഒരേപോലെ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്.

ഷാരൂഖും ഹൃത്വിക്കും തമ്മിൽ കടുത്ത ശത്രുതയിലാണെന്നും കണ്ടാൽ മിണ്ടില്ലെന്നും വാർത്തകൾ പ്രചരിക്കുന്നതിനിടെ നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ഹോട്ടൽ വ്യവസായിയായ എഡി സിങ് മനസ്സ് തുറന്നു. ഒരു രാത്രി തന്റെ റെസ്റ്റോറന്റിൽ ഷാരൂഖ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഹൃത്വിക് അവിടേക്ക് കടന്നുവന്നു. അവിടെയുണ്ടായിരുന്നവരെല്ലാം വലിയൊരു തർക്കം പ്രതീക്ഷിച്ചിരുന്ന നിമിഷമായിരുന്നു അത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഷാരൂഖ് എഴുന്നേറ്റ് ചെന്ന് ഹൃത്വിക്കിനെ കെട്ടിപ്പിടിക്കുകയും വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.

മാധ്യമങ്ങൾ നിരന്തരം തന്നെയും ഹൃത്വിക്കിനെയും താരതമ്യം ചെയ്തത് തന്നിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നതായി ഷാരൂഖ് ഖാൻ തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞു: "എന്റെ പത്ത് വർഷത്തെ കഠിനാധ്വാനം ആർക്കും പെട്ടെന്ന് എടുത്തുകളയാനാകില്ല. ഒരു ദിവസം രാവിലെ വന്ന് നിന്റെ സ്ഥാനം പോയി എന്ന് പറയുന്നത് ശരിയല്ല. അന്ന് ഒരു ദിവസമെങ്കിലും ഹൃത്വിക്കിനെക്കുറിച്ച് ആരെങ്കിലും എന്നോട് ചോദിക്കാത്തതായി ഉണ്ടായിരുന്നില്ല."

ഇരുവരും തമ്മിൽ സിനിമയ്ക്ക് പുറത്ത് നല്ല ബന്ധമാണെങ്കിലും മാധ്യമസൃഷ്ടിയായ ഈ പോര് അക്കാലത്ത് ബോളിവുഡിലെ വലിയ ചർച്ചാവിഷയമായിരുന്നു. എന്നാൽ പിന്നീട് ഹൃത്വിക്കിനൊപ്പം 'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഷാരൂഖ് ഈ അഭ്യൂഹങ്ങൾക്ക് വിരാമമിടുകയും ചെയ്തു.