മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ഷിഖാരെയെയാണ് ഇറ വിവാഹം കഴിച്ചത്. മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. രണ്ടാം ഭാര്യ കിരൺ റാവുവിന്റെ ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. ആമിർ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാൻ. ഇവർക്ക് ജുനൈദ് ഖാൻ എന്നൊരു മകൻ കൂടിയുണ്ട്. വിവാഹത്തിനു മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു.

സാന്താക്രൂസിലെ വസതിയിൽ നിന്ന് ജോഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് നൂപുർ എത്തിയത്. ബോളിവുഡിലെ പല പ്രമുഖരുടെയും ഫിറ്റ്‌നസ് ട്രെയിനർ കൂടിയാണ് ഇദ്ദേഹം. മാനസികാരോഗ്യത്തിന് പിന്തുണ നൽകുന്ന സംഘടനയുടെ സ്ഥാപകയും സിഇഓയുമാണ് ഇറ ഖാൻ. ഇവരുടെ വിവാഹച്ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.