- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ആണവായുധം'; സോഷ്യൽ മീഡിയയിൽ വൈറലായി ജഗദീഷിന്റെ വെണ്ണലയിലെ ആ പ്രസംഗം

കൊച്ചി: പുരാണങ്ങളിലെ ആയുധമായ പാശുപതാസ്ത്രത്തെ ആധുനിക കാലത്തെ ന്യൂക്ലിയർ ആയുധങ്ങളോട് ഉപമിച്ച് നടൻ ജഗദീഷിൻറെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശിവരാത്രിയോട് അനുബന്ധിച്ച് വെണ്ണല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ്, മഹാഭാരതത്തിലെ പാശുപതാസ്ത്രത്തെ ഇന്നത്തെ ആണവായുധങ്ങളോട് അദ്ദേഹം ഉപമിച്ചത്.
പാശുപതാസ്ത്രം നേടുന്നതിനായി അർജുനൻ ശിവനെ തപസ്സ് ചെയ്തതും, ആയുധം നൽകുന്നതിന് മുൻപ് അർജുനന്റെ ക്ഷമയും പ്രാപ്തിയും പരിശോധിക്കാൻ ഭഗവാൻ കിരാത വേഷത്തിൽ എത്തി. പാശുപതാസ്ത്രത്തെ ഇന്നത്തെ കാലത്ത് നമുക്ക് ആണവായുധങ്ങളോട് താരതമ്യം ചെയ്യാമെന്ന് ജഗദീഷ് പറയുന്നു. "എത്രയുണ്ട്? എപ്പോൾ ഉപയോഗിക്കും?" എന്നതിനെ ചൊല്ലി ഇന്ന് ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന തർക്കങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ആയുധം കൈവശം വെക്കുന്നതിനേക്കാൾ അത് എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കണം എന്നതാണ് പ്രധാനമെന്നും, ഇക്കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപേ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ചരിത്രമായിക്കോട്ടെ പുരാണമായിക്കോട്ടെ, ഒരു വിനാശകാരിയായ ആയുധം കയ്യിൽ കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്. അത് പ്രയോഗിക്കാൻ കൃത്യമായ വിവേകം ആവശ്യമാണ്." എന്നും ജഗദീഷ് പറഞ്ഞു.
ഗാണ്ഡീവം ഒഴികെയുള്ള എല്ലാ ആയുധങ്ങളും വെച്ച് അർജുനൻ കീഴടങ്ങിയപ്പോഴാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടതെന്നും, ആയുധം ലഭിക്കുന്നതിനേക്കാൾ അത് കൈകാര്യം ചെയ്യാനുള്ള പക്വതയ്ക്കാണ് പുരാണങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.


