ചെന്നൈ: രജനികാന്ത് നായകനായ പുതിയ ചിത്രം വൻ പ്രേക്ഷക അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. കലക്ഷൻ റെക്കോഡുകൾ തകർത്തെറിഞ്ഞാണ് ജയിലറുടെ മുന്നേറ്റം. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമ ആഗോള തലത്തിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. രജനികാന്തിന് പുറമെ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിനായകനാണ് വില്ലനായി എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ദിനത്തെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. പൂർണമായ കണക്കുകളല്ലെങ്കിലും ഇന്ത്യൻ ബോക്‌സ് ഓഫിസിൽനിന്ന് ആദ്യദിനം 52 കോടി നേടിയെന്നാണ് സിനിമ അനലിസ്റ്റുകൾ വെളിപ്പെടുത്തുന്നത്. തമിഴ്‌നാട്ടിൽനിന്ന് 23 കോടി നേടിയ ചിത്രം കർണാടകയിൽനിന്ന് 11 കോടിയും ആന്ധ്രപ്രദേശ്-തെലങ്കാന എന്നിവിടങ്ങളിൽനിന്ന് 10 കോടിയും കേരളത്തിൽനിന്ന് അഞ്ച് കോടിയും നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യദിനം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോഡ് ഇതോടെ ജയിലറിന് സ്വന്തമായി. മണിരത്‌നം സംവിധാന ചെയ്ത പൊന്നിയിൽ സെൽവൻ 2ന്റെ റെക്കോഡാണ് പഴങ്കഥയായത്.

രണ്ട് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് രജനികാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. റിലീസ് ദിനമായ ഓഗസ്റ്റ് 10ന് ചെന്നൈയിലെയും ബംഗളൂരുവിലെയും നിരവധി ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പല കമ്പനികളും സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിനായി സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. കേരളത്തിൽ ഗോകുലം മൂവീസാണ് 300ലധികം തിയറ്ററുകളിൽ വിതരണത്തിനെത്തിച്ചത്.