മൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ മലപ്പുറം സ്വദേശി ജാസിൽ ജാസി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതായി പ്രഖ്യാപിച്ചു. നിരന്തരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമാണ് തനിക്ക് ഈ സുപ്രധാന തീരുമാനമെടുക്കാൻ ധൈര്യം പകർന്നെതെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ജാസി വ്യക്തമാക്കി.

"അവനിൽ നിന്ന് അവളിലേക്ക്" എന്ന തലക്കെട്ടോടെ ജാസി പങ്കുവെച്ച വീഡിയോയിൽ താൻ ശസ്ത്രക്രിയ പൂർത്തിയാക്കി സ്ത്രീയായി മാറിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യില്ലെന്നും സ്ത്രീ വേഷം കെട്ടിയെ നടക്കുകയുള്ളൂ എന്നും പറഞ്ഞ് പരിഹസിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് തന്റെ ഈ പ്രഖ്യാപനമെന്നും ജാസി കൂട്ടിച്ചേർത്തു.

"സർജറി പേടിയാണെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു. എന്നാൽ, കളിയാക്കിയവരുടെയും കുറ്റപ്പെടുത്തിയവരുടെയും നാക്കുകളാകുന്ന വാളിനേക്കാൾ മൂർച്ച തന്റെ ശരീരത്തിൽ ഡോക്ടർ ഉപയോഗിച്ച കത്തിക്കില്ലെന്ന് താൻ തിരിച്ചറിഞ്ഞു," ജാസി പറഞ്ഞു. താൻ ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ഇനി ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലെന്നും അവർ സൂചിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ സ്വന്തം സ്വത്വം തുറന്നുപറഞ്ഞതിൻ്റെ പേരിലും നിലപാടുകളുടെ പേരിലും ജാസി മുമ്പും വലിയ വിമർശനങ്ങൾക്ക് വിധേയയായിരുന്നു. മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിലും ജാസിയുടെ പേര് ഇടം നേടിയിരുന്നു. തന്നെ സ്നേഹിക്കുകയും സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച ജാസി, തന്നെ കുറ്റപ്പെടുത്തിയവർ തനിക്ക് ഊർജ്ജം നൽകിയെന്നും സ്വത്വം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത് അവരാണെന്നും അടിവരയിട്ടു.

താൻ അത്രമേൽ ആഗ്രഹിച്ച കാര്യമാണിതെന്നും കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു സ്ത്രീയാണെന്ന് മനസ്സാക്ഷിക്ക് തോന്നിയ രീതിയിലുള്ള ശസ്ത്രക്രിയകളാണ് ചെയ്തതെന്നും ജാസി പറയുന്നു. ഈ പ്രഖ്യാപനത്തിന് ശേഷവും ജാസിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.