മുംബൈ: റെക്കോർഡുകൾ മറികടന്ന് ഇന്ത്യൻ സിനിമാ ലോകത്ത് പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. അത്യപൂർവ്വ റെക്കോർഡാണ് ഇത്.
ജനുവരി 25 ന് പുറത്തിറങ്ങിയ പത്താനാണ് ആദ്യം സുവർണ്ണ നേട്ടം കൈവരിച്ചത്

ജവാൻ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആരാധകർക്ക് ഓഫറുമായി ഷാറൂഖ് ഖാൻ എത്തിയിരിക്കുകയാണ്. ഒരു ടിക്കറ്റെടുത്താൻ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഈ ഓഫർ.

ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആർ ഐനോക്‌സ്, സിനിപൊളിസ് എന്നിവയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.

കോളിവുഡ് സംവിധായകൻ അറ്റ്‌ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോൺ, സന്യ മൽഹോത്ര, പ്രിയമണി എന്നിവരും പ്രധാനവേഷത്തിൽ എത്തിയിരുന്നു.