മുംബൈ:  ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം രചിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ. പല റെക്കോർഡുകളും തകർത്താണ് ചിത്രത്തിന്റെ മുന്നേറ്റം തുടരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ 500 കോടിയിൽ എത്തിയിരിക്കുകയാണ്. ആഗോള തലത്തിൽ 520.79 കോടി രൂപയാണ് ചിത്രം നേടിയത്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഷാരുഖ് ഖാന്റെ പത്താന്റെ കളക്ഷൻ റെക്കോർഡ് പോലും തകർത്താണ് മുന്നേറ്റം. ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാൻ മാറി.

ഒരു ദിവസം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം എന്ന ഖ്യാതിയും ജവാനാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്ഷൻ 34 കോടിയാണ്. കേരളത്തിൽ നിന്നുള്ള ആദ്യ ദിന കലക്ഷൻ 3.5 കോടിയായിരുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്.

പക്കാ എന്റർടെയ്‌നറായാണ് ആറ്റ്‌ലി ചിത്രം ഒരുക്കിയത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയാവുന്നത്. നർമദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയൻതാര എത്തുമ്പോൾ കാലി ഗെയ്ക്വാദ് എന്ന ആയുധക്കടത്തുകാരനായി വിജയ് സേതുപതി അഭിനയിക്കുന്നു.