- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഗോള ബോക്‌സോഫീസിൽ 1000 കോടി പിന്നിട്ടു 'ജവാൻ'; ഷാരൂഖ് ചിത്രം ബോളിവുഡിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; പഠാന് പിന്നാലെ തുടർ വിജയവുമായി ഷാരൂഖ്
മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതുയുഗം കുറിച്ചു ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാൻ. ആറ്റ്‌ലിയുടെ സംവിധാനത്തിൽ എത്തിയ ബോളിവുഡ് ചിത്രം ജവാൻ ബോക്‌സോഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിക്കുകയാണ്. ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന സന്തോഷ വാർത്തയാണ് ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് റിപ്പോർട്ട് ആയി നിർമ്മാതാക്കൾ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാൻ.
കൃത്യം തുക പറഞ്ഞാൽ 1004.92 കോടി. ഒരു താരത്തിന്റേതായി ഒരേ വർഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന അപൂർവ്വ നേട്ടത്തിനാണ് ഷാരൂഖ് ഖാൻ ഇതോടെ ഉടമ ആയിരിക്കുന്നത്. പഠാനും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കരിയറിലെ തുടർ പരാജയങ്ങൾക്ക് പിന്നാലെ അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു ഷാരൂഖ് ഖാൻ. അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് ഷാരൂഖ് ഖാൻ നായകനായി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു പഠാൻ.
യൈആർഎഫ് സ്‌പൈ യൂണിവേഴ്‌സിൽ പെട്ട ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ആനന്ദ് ആയിരുന്നു. കിങ് ഖാനെ പ്രേക്ഷകർ എത്രത്തോളം മിസ് ചെയ്തിരുന്നുവെന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി. കോവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങൾക്കൊന്നും പഴയ മട്ടിൽ ഹിറ്റുകൾ ആവർത്തിക്കാൻ കഴിയാതിരുന്നപ്പോഴാണ് ഷാരൂഖ് ഖാന്റെ ഈ മഹാവിജയങ്ങൾ എന്നതാണ് ശ്രദ്ധേയം.
പഠാന്റെ 1000 കോടി വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയായിരുന്നു ജവാന്റെ യുഎസ്‌പി. എന്നാൽ പഠാന് ലഭിച്ചത് പോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയല്ല ആദ്യദിനങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. എന്നാൽ കിങ് ഖാൻ ഫാക്റ്റർ ഇവിടെ രക്ഷയ്‌ക്കെത്തി. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെയും നായികയായ നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റമായിരുന്നു.