കൊച്ചി: ഷാറൂഖ് ഖാൻ ചിത്രം 'ജവാനി'ലെ മെട്രോ ട്രെയിൻ സെറ്റ് ഉണ്ടാക്കിയത് താനാണെന്ന് അവകാശവാദമുന്നയിച്ച കൊടുങ്ങല്ലൂർ സ്വദേശി രാജേഷിനെതിരേ പ്രൊഡക്ഷൻ ഡിസൈനർ ടി മുത്തുരാജ്. സംഭവത്തിൽ ഫെഫ്കയ്ക്ക് ടി മുത്തുരാജ് കത്തയച്ചു. യുട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഉള്ള മെട്രോ ട്രെയിൻ ചെയ്തത് താനാണെന്ന് രാജേഷ് അവകാശപ്പെട്ടത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

രാജേഷിനെ ജോലിയ്‌ക്കെടുത്തത് ട്രെയിൻ സെറ്റിലെ വെൽഡിങ് ജോലിക്കാണെന്നും എന്നാൽ അതിന്റെ ഖ്യാതി പൂർണമായും അദ്ദേഹം അവകാശപ്പെടുന്നുവെന്നും ടി മുത്തുരാജ് പറയുന്നു.

''ഒരു പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിൽ എനിക്കൊരു ടീമുണ്ട്. അതിൽ സ്ട്രക്ച്ചറൽ എൻജിനീയർമാർ, അസോഷ്യേറ്റ് ആർട് ഡയറക്ടർമാർ, ആർട് അസിസ്റ്റന്റ്‌സ് എന്നിങ്ങനെ എല്ലാവരുമുണ്ട്. കൂടാതെ മരപ്പണിക്കാർ, അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നവർ, സ്റ്റിക്കറിങ് ടീം, ഗ്ലാസ് വർക്കിങ് ടീം, ഫൈബർ മോൺഡിങ്, അക്രിലിക് വർക്ക്, വെൽഡിങ് ടീം അങ്ങനെ ഒട്ടേറെയാളുകൾ എനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ മിസ്റ്റർ രാജേഷ് സിനിമയുടെ റിലീസിന് ശേഷം ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തെ കരിവാരിതേക്കുന്നു.

എല്ലാവർക്കും ലഭിക്കേണ്ട അംഗീകാരത്തെ തട്ടിയെടുക്കുന്ന രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങൾ കൃത്യമായ അന്വേഷണം നടത്താതെ രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വിഷയത്തിൽ ഫെഫ്ക മാധ്യമങ്ങളെ അറിയിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.'' മുത്തുരാജ് കത്തിൽ പറയുന്നു.

സിനിമ മേഖലയിൽ പ്രൊഡക്ഷൻ ഡിസൈനർ, ആർട് ഡയറക്ടർ ആയി വർക്ക് ചെയ്യുന്നവരിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ വാർത്ത പ്രചാരണം നിർത്തലാക്കണമെന്നും ഫെഫ്ക ആർട് ഡയറക്ടേഴ്‌സ് യൂണിയൻ സെക്രട്ടറി നിമേഷ് എം. താനൂർ ആവശ്യപ്പെട്ടു.