മുംബൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാനിലെ ആദ്യഗാനം പുറത്തിറങ്ങി. . അറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജവാന്റെ എല്ലാ പുതിയ വിശേഷങ്ങളും പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

'സിന്ദ ബാന്ദ'എന്ന ഗാനത്തിൽ ഹൈദരാബാദ്, ബംഗളൂരു, മധുര, മുംബയ് എന്നിവിടങ്ങളിൽ നിന്ന് ആയിരത്തിലധികം നർത്തകർ അണിനിരന്നുവെന്നാണ് റിപ്പോർട്ട്. അഞ്ച് ദിവസം ചെന്നൈയിലായിരുന്നു ചിത്രീകരണം. അനിരുദ്ധ് സംഗീതം ചെയ്ത ഗാനത്തിന് ഷോബിയാണ് കോറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ഗാനരംഗത്തിന്റെ ബഡ്ജറ്റ് 15കോടിയാണെന്നാണ് വിവരം.

സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 'ജവാൻ' ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് തിയേറ്ററിൽ എത്തുന്നത്. നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ജനശ്രദ്ധ നേടിയിരുന്നു.