മുംബൈ: പൊതുപരിപാടിക്കിടെയുള്ള പാപ്പരാസികളുടെ അതിര് കടന്ന പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ബിഗ് ബിയുടെ ഭാര്യ പത്‌നി ജയാ ബച്ചൻ. ചൊവ്വാഴ്‌ച്ച നടന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിനിടെയും അത്തരത്തിലൊരു സംഭവമുണ്ടായി. പാപ്പരാസികൾ തന്റെ പേര് ആവർത്തിച്ചു വിളിച്ചതാണ് ജയയെ പ്രകോപിതയാക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയിൽ വച്ചായിരുന്നു രൺവീർ സിംഗും ആലിയ ഭട്ടും നായികാനായകന്മാരായ 'റോക്കി ഔർ റാണി'യുടെ സ്‌ക്രീനിങ് നടന്നത്. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനുമൊപ്പമാണ് ജയ സിനിമ കാണാനെത്തിയത്. ജയ വേദിയിലേക്ക് കയറുമ്പോൾ മുതൽ ഫോട്ടോഗ്രാഫർമാർ അവരെ പേരെടുത്ത് വിളിക്കാൻ തുടങ്ങി. ഇതുകേട്ട് നിയന്ത്രണം നഷ്ടപ്പെട്ട ജയ ചെവി പൊത്തിക്കൊണ്ട് '' എനിക്ക് ചെവി കേൾക്കാം, ഇങ്ങനെ ഒച്ചവയ്ക്കണ്ട,പതുക്കെ സംസാരിക്ക്'' എന്നു പറയുകയായിരുന്നു.

കരൺ ജോഹറിന്റെ സംവിധാനത്തിലൊരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ''റോക്കി ഔർ റാണി കി പ്രേം കഹാനി'. ഇഷിത മൊയിത്ര,ശശാങ്ക് കെയ്ത്താൻ, സുമിത് റോയ് എന്നിവർ ചേർന്നാണ് ചിത്രത്തിനു കഥയെഴുതിയിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂലൈ 28ന് ചിത്രം തിയറ്റേറുകളിലെത്തുന്നത്.