ഗുരുവായൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന് വെന്ന് ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. നിറകണ്ണുകളോടെയാണ് ജയറാം മകളെ കൈപിടിച്ചേൽപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം പറഞ്ഞത്.

മകൾ മാളവിക ജയറാമിന്റെ വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവ് തങ്ങളുടെ വിവാഹത്തെ കുറിച്ചും താരം ഓർത്തെടുത്തു. 'ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമല്ല. ഗുരുവായൂരപ്പൻ ഈ വിവാഹം വളരെ ഭംഗിയായി നടത്തിത്തന്നു അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. 32 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരപ്പന്റെ നടയിൽ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടായി അതുപോലെ മകളുടെ വിവാഹവും നടന്നതിൽ സന്തോഷമുണ്ട്." ജയറാം പറയുന്നു.

"ഏത് മാതാപിതാക്കളുടെയും വലിയ ആഗ്രഹമല്ലേ കുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുക എന്നുള്ളത്. ഞാൻ കൂടുതൽ എന്ത് പറയാനാണ്. ഒരുപാടു കാലമായി കാത്തിരുന്ന മുഹൂർത്തമാണ് ഇത്."പാർവതി പറയുന്നു. "ഭയങ്കര വികാരഭരിതമായ നിമിഷങ്ങളാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്രയും ചെറിയ ആള് ഇപ്പോൾ കല്യാണം കഴിച്ചു പോവുകയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല." കാളിദാസ് ജയറാമിന്റെ വാക്കുകൾ.

പാലക്കാട് സ്വദേശിയും യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയെ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിൽ കൂർഗിലെ മൊൺട്രോസ് റിസോർട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.