പുത്തന്‍ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടര്‍ച്ചയാകും എന്ന് പ്രേക്ഷകര്‍ കരുതുന്ന സിനിമയാണ് ജിതിന്‍ ജെ ജോസ് പ്രൊജക്റ്റ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പുതിയ സിനിമയില്‍ പുള്ളിയാണ് (മമ്മൂട്ടി) വില്ലന്‍. വില്ലന്‍ എന്ന് പറഞ്ഞാല്‍ സ്ത്രീപീഡകനായ വില്ലന്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു 'അത് ആരാധകരെ വിഷമിപ്പിക്കുമോ' എന്ന്. 'എന്ത് ആരാധകര്‍ നമ്മള്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയല്ലേ' എന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഒരു അഭിപ്രായത്തില്‍ ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തുന്ന നടനുണ്ടോ? അദ്ദേഹം ഒരു അത്ഭുതമാണ്. മമ്മൂക്കയ്ക്ക് ആ പരീക്ഷണങ്ങള്‍ തന്നെയാണ് നല്ലത്. അദ്ദേഹത്തിന് ഇനി നേടാന്‍ ഒന്നും ബാക്കിയില്ല. ഇനി നേടാനുള്ളത് എല്ലാം പുത്തന്‍ പരീക്ഷണങ്ങളിലൂടെയാണ്,' എന്നാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മെഗാസ്റ്റാര്‍ 428 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ കഥാകൃത്തായിരുന്നു ജിതിന്‍ കെ ജോസ്. സിനിമയില്‍ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം സുഷിന്‍ - മമ്മൂട്ടി കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഡിനു ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്‌സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. ഇതില്‍ ബസൂക്കയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നല്ല പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ഷൂട്ടിങ് പുരോഗമിച്ച ഗൗതം മേനോന്റെ ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്‌സ് ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ സിനിമയും നിര്‍മിക്കുന്നത്.