ലോസ് ഏഞ്ചൽസ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയ മാനനഷ്ട കേസിൽ ആംബര് ഹേഡ് നഷ്ടപരിഹാരം നൽകി. ജോണി ഡെപ്പിന് ഒരു മില്യൺ ഡോളർ (8.2 കോടി) രൂപ നഷ്ടപരിഹാരം നൽകുകയാണ് മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബർ 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി.

ഒടുവിൽ ഡിസംബറിൽ നടന്ന ഒത്തുതീർപ്പിൽ ഹേർഡ് ഒരു മില്യൺ ഡോളർ നൽകിയാൽ മതിയെന്ന് ഡെപ്പ് സമ്മതച്ചു. ഈ പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015ലാണ് ഡെപ്പും ഹേഡും വിവാഹിതരാകുന്നത്. 2017-ൽ ഇവർ വേർപിരിഞ്ഞു. 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡിസ്നി അടക്കമുള്ള വമ്പൻ നിർമ്മാണ കമ്പനികൾ ഡെപ്പിനെ സിനിമകളിൽനിന്ന് ഒഴിവാക്കി.

തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു.

ഒടുവിൽ ഡെപ്പിന്റെ ആറ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധിപുറത്തു വന്നത്. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവ നടക്കുന്നതിനിടെ ഒരുപാട് നാടകീയ സംഭവങ്ങൾ കോടതിയിൽ അരങ്ങേറി. വിചാരണയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് ഡെപ്പ്. ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമ 'ജാൻ ഡു ബാഹി'യാണ് ഡെപ്പിന്റെ ഏറ്റവും പുതിയ ചിത്രം.

76-ാം കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.