കൊച്ചി: മലയാള സിനിമയ്ക്ക് ഏറ്റവും അധികം സൂപ്പർഹിറ്റുകൾ സമ്മാനിച്ച കോംബോയാണ് മോഹൻലാൽ - ജോഷി കൂട്ടുകെട്ടിന്റേത്. ഈ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. ചെമ്പൻ വിനോദ് സിനിമയ്ക്ക് തിരക്കഥയൊരുക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

'ജനുവരി ഒരു ഓർമ്മ' എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് മോഹൽലാൽ-ജോഷി കൂട്ടുകെട്ടിൽ എത്തിയ ആദ്യ ചിത്രം.'നാടുവാഴികൾ', 'നമ്പർ 20 മദ്രാസ് മെയിൽ', 'പ്രജ', 'മാമ്പഴക്കാലം', 'നരൻ', 'ട്വന്റി 20', 'ക്രിസ്ത്യൻ ബ്രദേഴ്‌സ്', 'റൺ ബേബി റൺ', 'ലോക്പാൽ', 'ലൈല ഓ ലൈല' എന്നിവയാണ് മോഹൽലാൽ-ജോഷി കോമ്പോയിലെ മറ്റ് ചിത്രങ്ങൾ.

2015ൽ റിലീസ് ചെയ്ത 'ലൈലാ ഓ ലൈല'യാണ് അവസാനമെത്തിയ ജോഷി-മോഹൻലാൽ ചിത്രം. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ജോഷി ചിത്രം ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.

ജീത്തു ജോസഫിനൊപ്പം 'നേര്' സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാൽ-പ്രിയദർശൻ കോമ്പോയും ആവർത്തിക്കാനൊരുങ്ങുകയാണ്. 'ഹരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഗായകൻ എം ജി ശ്രീകുമാറാണ് അടുത്തിടെ വ്യക്തമാക്കിയത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ. എമ്പുരാൻ ചിത്രീകരണവും ഉടൻ ആരംഭിക്കും.

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ', 'ബറോസ്' എന്നിവയാണ് ഉടൻ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രങ്ങൾ. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 21ന് എത്തുമെന്നാണ് മോഹൻലാൽ അറിയിച്ചത്. ഡിസംബർ 22ന് 'മലൈക്കോട്ടൈ വാലിബനാ'യി തയ്യാറെടുക്കാൻ നിർമ്മാതാക്കൾ തിയേറ്ററുകൾക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.