കൊച്ചി: കേരളം കണ്ട എക്കാലത്തേയും വലിയ ദുരന്തങ്ങളിൽ ഒന്നായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 ഇന്ന് തിയറ്ററിലേക്ക് എത്തുകയാണ്. വൻ താരനിരയിൽ ഒരുക്കിയ ചിത്രത്തിന് നല്ലപ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാണത്തിനിടെ താൻ നേരിട്ട വെല്ലുവിളികൾ തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്റണി. ചിത്രം പ്രഖ്യാപിച്ചതു മുതൽ താൻ അനുഭവിച്ച മാനസിക സംഘർഷം ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് എന്നാണ് ജൂഡ് പറയുന്നത്. തന്റെ സ്വപ്നചിത്രം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്നവരെ ഓരോരുത്തരേക്കുറിച്ചും ജൂഡ് എടുത്തു പറയുന്നുണ്ട്.

ജൂഡിന്റെ കുറിപ്പ് വായിക്കാം

2018- Everyone is a hero-
ഇന്ന് നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. 2018 ഒക്ടോബർ 16 നു ഈ സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുണ്ട്. ഈ സിനിമ സംഭവിക്കാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറായ എന്റെ ഭാര്യ ഡിയാന, എന്റെ അപ്പനും അമ്മയും, ചേട്ടനും കുടുംബവും, അനിയത്തിയും കുടുംബവും, പപ്പയും മമ്മിയും അളിയനും കുടുംബവും എന്റെ എല്ലാ ബന്ധുക്കളും, സിനിമ നടക്കും അളിയാ എന്ന് എന്നെ ആശ്വസിപ്പിച്ചിരുന്ന എന്റെ കൂട്ടുകാർ ഇവരില്ലായിരുന്നെങ്കിൽ ഈ സിനിമ ഞാൻ പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ.
2019 ജൂൺ മുതൽ ഈ നിമിഷം വരെ കട്ടക്ക് കൂടെ നിന്ന എന്റെ സഹ എഴുത്തുകാരൻ , അനിയൻ അഖിൽ പി ധർമജൻ, എന്റെ കണ്ണീർ കണ്ട ആദ്യ എഴുത്തുകാരൻ.
ഈ സിനിമ ഏറ്റവും മികച്ചതായി എന്ന് ആളുകൾ പറയുകയാണെങ്കിൽ മോഹൻ ദാസ് എന്ന മണിചേട്ടന് അതിൽ ഒരുപാട് പങ്കുണ്ട്. സിനിമ നടക്കില്ലെന്നറിഞ്ഞിട്ടും എന്റെ കൂടെ നിന്ന ആളാണ് മണിചേട്ടൻ , ഈ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനെർ.
നന്ദിയുണ്ട്, കമ്മിറ്റ് ചെയ്തിട്ടും ഒരു കൂസലുമില്ലാതെ ഈ പടത്തിൽ നിന്നും പിന്മാറിയ ക്യാമറമാന്മാരോട് , ഇല്ലെങ്കിൽ അഖിൽ ജോർജ് എന്ന മുത്തിനെ എനിക്കു ലഭിക്കില്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫെർസ് ലിസ്റ്റിൽ അഖിൽ ഏറ്റവും ടോപ്പിൽ ഉണ്ടാകും.

ചമൻ ചാക്കോ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആളുകളിൽ ഒന്നാണ്. ഒരു എഡിറ്റർ മാത്രമല്ല ചമൻ, കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്യാൻ മിടുക്കനാണ്. ചമൻ ഇല്ലാത്ത 2018 ചിന്തിക്കാൻ പറ്റില്ല.
രാവും പകലും ഉറക്കമൊഴിച്ചു നോബിൻ എനിക്കു തന്ന ബിജിഎം കേട്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. ചില ദിവസങ്ങളിൽ നിമിഷ നേരം കൊണ്ടൊക്കെ വിസ്മയങ്ങൾ അയച്ചു തരും. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സഹോദര തുല്യനായ മ്യൂസിക് ഡിറക്ടർ നോബിൻ, കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ തിരക്കിൽ നിന്നും ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ട് വന്നയാളാണ്.
ഈ സിനിമയിലെ ഒരു പ്രധാന നായകൻ ശബ്ദമാണ് , വിഷ്ണു ഗോവിന്ദ് എന്ന മജീഷ്യന്റെ കയ്യിൽ അത് ഭദ്രമാണ്. എന്റെ കൂട്ടുകാരൻ ആയതുകൊണ്ട് പറയുകയല്ല , ഇവൻ ഒരു സംഭവമാണ്.
ഈ സിനിമയിൽ തോളോട് ചേർന്ന് എന്റെ കൂടെ നിന്ന അസ്സോസിയറ്റ് സൈലക്‌സ് ചേട്ടൻ, ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അറിയാം എന്തു മാത്രം ശാരീരിക അദ്ധ്വാനം അദ്ദേഹം ചെയ്തിട്ടുണ്ടെന്ന്. എന്റെ പ്രിയപ്പെട്ട സഹ സംവിധായകർ, ശ്യാം, സിറാജ് ചേട്ടൻ, അരവിന്ദ്, അലൻ, അരുൺ ഇവരില്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും ഭംഗി ആകില്ലായിരുന്നു. ഗോപൻ ചേട്ടൻ, സിബിൻ, സുനിലേട്ടൻ, ജസ്റ്റിൻ, അഖിൽ, ശ്രീകുമാർ ചേട്ടൻ അങ്ങനെ ഒരു വലിയ ശക്തി പ്രൊഡക്ഷൻ ഭാഗത്തും, മഴ, യൂണിറ്റ്, ജിബ്, ഗോഡ, ക്രെയിൻ , ഡ്രൈവേർസ് , മേക്കപ്പ് , കോസ്റ്റ്യൂം , ഫുഡ്, സെകുരിറ്റി എന്നിങ്ങനെ വലിയൊരു ടീം കൂടെ ഉണ്ടായിരുന്നതുകൊണ്ട് 2018 ഇന്ന് ഒരുഗ്രൻ തീയേറ്റർ അനുഭവമായി മാറും.
ഈ സിനിമയിൽ അഭിനയിച്ച എല്ലാവരോടും പ്രത്യേകിച്ചു എന്റെ സഹോദരൻ ടോവിനോ, തീർത്താൽ തീരാത്ത കടപ്പാട് നിങ്ങൾ ഓരോരുത്തരുടെയും ഡെഡികേഷന്.

ഈ സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ''ജൂഡിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്'' കൂടെ നിന്ന ആന്റോ ചേട്ടൻ, എന്തു പ്രശ്‌നം വന്നാലും അത് കൈകാര്യം ചെയ്യാനുള്ള ചേട്ടന്റെ കഴിവാണ് ഈ സിനിമ ഇന്ന് ഈ രൂപത്തിൽ നിൽക്കുന്നത്.
ഇനി നന്ദി പറയാനുള്ളത് എന്റെ ദൈവ ദൂതനോടാണ്.
വേണു കുന്നപ്പിള്ളി , കാവ്യ ഫിലിംസ് എന്ന ബാനറിന്റ്‌റെ സാരഥി, ഒരുപാട് ബിസിനസുകൾ ഉള്ള വിജയക്കോടി പാറിച്ച വ്യവസായി, നല്ലൊരു എഴുത്തുകാരൻ, മനുഷ്യസ്‌നേഹി.
പക്ഷേ എനിക്ക് ഇതെല്ലാത്തിനെക്കാളും ഉപരി ദൈവത്തിന്റെ പ്രതിരൂപമാണ്. നഷ്ട്ടപ്പെട്ട് പോയി എന്ന് ഞാൻ കരുതിയ 2018 സിനിമ കൈ കൊണ്ട് കോരിയെടുത്ത് എന്റെ ഉള്ളം കയ്യിൽ വച്ച് തന്ന ദൈവം.
Thank you, sir. Today is our day.
ഇനി വിധി എഴുതേണ്ടത് നിങ്ങളാണ്. ഈ സിനിമയുടെ ഭാവി എന്തു തന്നെ ആയാലും , ഞങ്ങളുടെ നൂറ് ശതമാനവും ഈ സിനിമയിൽ അർപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇതൊരു നല്ല തീയേറ്റർ അനുഭവമായിരിക്കും. അത് ഞാൻ വാക്ക് തരുന്നു.
നന്ദി ദൈവമേ , പ്രപഞ്ചമേ, എന്റെ സ്വപ്നത്തിൽ എന്റെ കൂടെ നിന്നതിന് .
സ്‌നേഹത്തോടെ
ജൂഡ്