സായ് പല്ലവിയുടെ പുതിയ ചിത്രത്തിൽ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ.നിലവിൽ യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ജുനൈദ്. ജുനൈദിന്റെ ആദ്യ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും തന്റെ രണ്ടാമത്തെ പ്രോജക്റ്റിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. നിലവിൽ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റിൽ തെന്നിന്ത്യൻ താരം സായ് പല്ലവിയ്‌ക്കൊപ്പം ജുനൈദ് അഭിനയിക്കും. സുനിൽ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയകഥയാണിതെന്നും അഭ്യൂഹങ്ങളുണ്ട്.

ജുനൈദ് ഖാനെ നായകനാക്കിയും ബോണി കപൂറിന്റെയും ശ്രീദേവിയുടേയും ഇളയ മകൾ ഖുഷി കപൂറിനെ നായികയാക്കിയും ആമിർ ഖാൻ അടുത്ത നിർമ്മാണ സംരംഭത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഈ വർഷം സോയ അക്തറിന്റെ 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് ഖുഷി കപൂർ. മറ്റ് വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.